പത്തനംതിട്ട: നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ഹിയറിങ്ങ് നടത്തി. കളക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ നാഷണല്‍ ട്രസ്റ്റ് ഹിയറിങ്ങില്‍ ലഭിച്ച 32 അപേക്ഷകളും പരിഹരിച്ചു. 32 പേര്‍ക്കും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചു.

അതില്‍ ഏഴ് കേസുകള്‍ക്ക് വീടുകളിലേക്കുള്ള വഴി നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഒന്‍പത് കേസുകളില്‍ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് എന്നിവ അനുവദിക്കുന്നതിനുള്ള നടപടി എടുത്തു . നാഷണല്‍ ട്രസ്റ്റിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷിയുള്ള ആളുകള്‍ക്ക് അവകാശപ്പെട്ട വസ്തുക്കള്‍ ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ അഞ്ചു കേസുകളില്‍ എടുത്തു.

ആറു വര്‍ഷമായി അച്ഛന്റെയും അമ്മയുടെയും മരണശേഷം ഏകനായ ബൗദ്ധിക വെല്ലുവിളി നേരിടുന്ന 30 വയസുള്ള വ്യക്തിയുടെയും മാതാപിതാക്കളുടെ മരണ ശേഷം 15 വര്‍ഷമായി ഇരവിപേരൂര്‍ ഗില്‍ഗാള്‍ ആശ്വാസഭവനില്‍ താമസിച്ചു വരുന്ന മറ്റൊരാളിന്റെയും രക്ഷാകര്‍തൃത്വം നിയമാനുസൃത രക്ഷകര്‍ത്താവായി ഗില്‍ഗാള്‍ ആശ്വാസ ഭവന്‍ സൂപ്രണ്ടിനെ നിയമിച്ചു. ഇതുപ്രകാരം രണ്ടു കേസുകളിലും അവര്‍ക്ക് അര്‍ഹതപ്പെട്ട ഡിസ്‌എബിലിറ്റി പെന്‍ഷനും രക്ഷകര്‍ത്താക്കളുടെ ഫാമിലി പെന്‍ഷനും ലഭ്യമാക്കുന്നതിനുള്ള നടപടികളെടുത്തു.

ഒരു കുടുംബത്തിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂന്നു കുട്ടികളുടെ യാത്രാസൗകര്യത്തിനായി അവരുടെ വീട്ടില്‍ എത്തിച്ചേരുന്നതിനു സൗകര്യപ്രദമായ വഴിയില്ലെന്ന ബോധ്യത്താല്‍ വഴി നിര്‍മിക്കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട പഞ്ചായത്തിനു നല്‍കി.

ഭിന്നശേഷിക്കാര്‍ക്കും അവരുടെ സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണു നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയനെ സമിതി നിയമിക്കും. ഇവര്‍ക്കുള്ള പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് എന്നീ ആനുകൂല്യങ്ങളും ഈ സമിതി വഴി അനുവദിച്ചു കൊടുക്കും. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സമിതിയുമായി നേരിട്ട് 9446116221 എന്ന നമ്ബറില്‍ ബന്ധപ്പെടാം.