• പി. പി. ചെറിയാന്‍

ഹൂസ്റ്റൺ ∙ കോവിഡ് 19 സമ്മാനിച്ചിരിക്കുന്ന അസാധാരണ സന്ദർഭത്തെ പ്രത്യേക ജീവിത സാഹചര്യത്തിൽ എങ്ങനെ അതിജീവിക്കുവാൻ കഴിയുമെന്നും സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ ഹൃദയ സാമീപ്യം എങ്ങനെ കാത്തു സൂക്ഷിക്കുവാൻ കഴിയുമെന്നും നല്ല മനസ്സുള്ള കുറേ ആളുകൾ നമ്മളെ പഠിപ്പിക്കുന്നുണ്ടെന്നു  മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് ബാവ പറഞ്ഞു.

ഒരു മാസം മുൻപ് പ്രത്യാശ ഇന്ത്യ എന്ന പേരിൽ ആരംഭിച്ച പദ്ധതി മാനസിക സംഘർഷം അനുഭവിക്കുന്ന നൂറു കണക്കിനാളുകൾക്ക് സഹായകരമായതിനെ തുടർന്ന്, അമേരിക്കയിലും ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. യുഎസ്എ പ്രത്യാശയുടെ ഉദ്ഘാടനം മേയ് 25 ഞായറാഴ്ച ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബാവ.

നാം ഇന്ന അഭിമുഖീകരിക്കുന്നത്, വലിയ ഭാരമാണ്, അസാധ്യമാണെന്നൊക്കെ കരുതിയിരിക്കുന്നതിനേക്കാൾ, ആത്മ വിശ്വാസത്തോടെ ദൈവാഭിമുഖ്യത്തിൽ ഉറച്ചു നിന്നുകൊണ്ടു നന്മ ചെയ്യുന്നതിന് നമ്മുക്ക് സാധിക്കുമെന്നുള്ള തെളിവാണ് പ്രത്യാശ എന്ന പദ്ധതിയുടെ ആഗോളതലത്തിലേക്കുള്ള വളർച്ചയെന്നും ബാവ ചൂണ്ടിക്കാട്ടി.

നമുക്ക് നാം വിചാരിക്കുന്ന ഒരു പരിധിക്കുപുറത്തേക്ക് കടന്ന്  നന്മയുടെ വ്യാപനം നടത്തുവാൻ കഴിയണം. കൊറോണക്ക് മാത്രമല്ല വ്യാപനം നടത്തുവാൻ കഴിയുക എന്ന് നമ്മുടെ പ്രവർത്തിയിലൂടെ തെളിയിക്കണമെന്നും ബാവ ഉദ്ബോധിപ്പിച്ചു.

ലോകത്തിന്റെ ഭൂപടത്തിൽ കൊച്ചു കേരളം സ്ഥാനം പിടിച്ചിരിക്കുന്നതു വിവിധ കാരണങ്ങളാലാണ്. എന്നാൽ നാം ഒരുമിച്ചു അതിനെ നേരിടുന്നതിനും അതിജീവിക്കുന്നതിനും കാണിച്ച ഹൃദയ വിശാലത തുടർന്നും നിലനിർത്തുന്നതിന് കഴിയണമെന്നും തിരുമേനി ഓർമ്മിപ്പിച്ചു. പ്രത്യാശയുടെ പ്രവർത്തകർക്ക് എല്ലാ ഭാവുകങ്ങളും ബാവ നേർന്നു.