തിരുവനന്തപുരം : ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു. സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് സംഘത്തില്‍പ്പെട്ടവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ‘ ഡിവോഴ്സ് ‘ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സിനിമയിലെ അഭിനേതാവായ നടന്‍ പി. ശ്രീകുമാര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൂടാതെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷമാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലാണ്. സിനിമയുമായി ബന്ധപ്പെട്ടവര്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ കലാഭവന്‍ ഓഫീസില്‍ എത്തിയിരുന്നതിനാലാണ് അവിടെയും അണുവിമുക്തമാക്കിയ ശേഷം അടച്ചത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്. സ്ഥിതി മെച്ചപ്പെടുന്നതോടെ ചിത്രീകരണം പുനഃരാരംഭിക്കുമെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ അറിയിച്ചു.