വത്തിക്കാന്‍ സിറ്റി: ദൈവത്താല്‍ പ്രത്യേകം അയയ്ക്കപ്പെട്ട വ്യക്തിയായിരുന്നു വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജോണ്‍പോള്‍ രണ്ടാമന്റെ ജന്മശതാബ്ദി ദിനമായ ഇന്നലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പണമധ്യേ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. രണ്ടു മാസത്തിനുശേഷമാണു ബസിലിക്കയില്‍ പൊതുദിവ്യബലി നടന്നത്. സാമൂഹിക നിയന്ത്രണം പാലിച്ചുകൊണ്ട്, വളരെ ചുരുക്കം പേരേ ദിവ്യബലിയില്‍ സംബന്ധിച്ചിട്ടുള്ളൂ.
പ്രയാസ വേളകളില്‍ പ്രവാചകരെയും വിശുദ്ധാത്മാക്കളെയും ദൈവം അയയ്ക്കാറുണ്ട്. അങ്ങനെ അയയ്ക്കപ്പെട്ട ഒരാളാണു വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്. ദൈവം അദ്ദേഹത്തെ അതിനായി ഒരുക്കി. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചു എന്ന് ഇന്നു നമുക്കു പറയാന്‍ അവസരമൊരുക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
പ്രാര്‍ത്ഥന, കാരുണ്യം, അടുപ്പം എന്നീ മൂന്നു സവിശേഷതകള്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് ഉണ്ടായിരുന്നു. മെത്രാന്റെ പ്രഥമ ചുമതല പ്രാര്‍ത്ഥനയാണെന്നു മനസിലാക്കി പ്രവര്‍ത്തിച്ചയാളാണദ്ദേഹം. അദ്ദേഹം എപ്പോഴും പ്രാര്‍ത്ഥനയ്ക്കു സമയം കണ്ടെത്തി. എല്ലായ്പ്പോഴും ജനങ്ങളോട് അടുപ്പവും സാമീപ്യവും പുലര്‍ത്തി. കാരുണ്യത്തിനും അതിനാല്‍ നീതിക്കും വേണ്ടി നിലകൊണ്ടയാളാണ് ജോണ്‍പോള്‍ രണ്ടാമനെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു.
സന്ദേശത്തിന്റെ സംക്ഷിപ്ത രൂപം ഫ്രാന്‍സിസ് പാപ്പ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. “നൂറു വർഷങ്ങൾക്ക് മുമ്പ് കർത്താവ് തന്റെ ജനത്തെ സന്ദർശിച്ചു. ഒരു അജപാലകനെ അയച്ചു. പ്രാർത്ഥനയിലും, ജനത്തോടുള്ള സാമീപ്യത്തിലും, കരുണയോടൊപ്പം എപ്പോഴും ഒന്നിച്ചു പോകുന്ന നീതിയോടുള്ള സ്നേഹത്തിലായിരുന്ന നമ്മുടെ ഇടയനായ വിശുദ്ധ ജോൺ പോൾ രണ്ടാമന്.”- ഇതായിരിന്നു പാപ്പയുടെ ട്വീറ്റ്. ഇറ്റാലിയൻ, ഫ്രഞ്ച്, ലാറ്റിൻ, ജർമ്മൻ, ഇംഗ്ലിഷ്, പോർച്ചുഗീസ്, സ്പാനിഷ്, പോളിഷ്, അറബി എന്നീ 9 ഭാഷകളിൽ സന്ദേശം പാപ്പ പങ്കുവെച്ചിട്ടുണ്ട്.