കാസര്‍ക്കോട്: കാസര്‍ക്കോട് കോവിഡ് സ്ഥിരീകരിച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകന്റെ തുടര്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. മാധ്യമ പ്രവര്‍ത്തകന്‍ നാളെ ആശുപത്രി വിടും. ഏപ്രില്‍ 29നായിരുന്നു മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ മാധ്യമ പ്രവര്‍ത്തകന്‍ അഭിമുഖം എടുത്തതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന കലക്ടര്‍ ഡി സജിത് ബാബുവിന്റെ ആദ്യ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഉത്തരമേഖലാ ഐജി അശോക് യാദവ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും കോവിഡ് കാലത്ത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ പ്രത്യേക ചുമതല വഹിച്ച ഐജി വിജയ് സാഖറെ എന്നിവരും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകനുമായി ഇടപഴകിയ സാഹചര്യത്തിലായിരുന്നു ഇവര്‍ ക്വറന്റൈനില്‍ പ്രവേശിച്ചത്.
സംസ്ഥാനത്ത് തിങ്കളാഴ്ചയും ആര്‍ക്കും കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും വൈറസ് ബാധിതരുണ്ടായിരുന്നില്ല. അതേസമയം വിവിധ ജില്ലകളിലായി 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി രോഗ മുക്തി നേടി. ഇതോടെ 462 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി. 34 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.