യു.എ.ഇ പ്രഖ്യാപിച്ച റിട്ടയര്‍മെന്‍റ് വിസ പദ്ധതിക്ക് മികച്ച പ്രതികരണം. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ക്ക് പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. 55 വയസ്സ് തികഞ്ഞവര്‍ക്ക് റിട്ടയര്‍മെന്റ് വിസ അനുവദിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പങ്കാളിക്കും മക്കള്‍ക്കും വിസ ലഭിക്കും. ദുബായ് ടൂറിസവും എമിഗ്രേഷനും ചേര്‍ന്നാണ് നൂതനപദ്ധതി ആവിഷ്കരിച്ചത്.

കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുക. അപേക്ഷിക്കുന്നതിനു മുന്‍പ് ആരോഗ്യ ഇന്‍ഷുറന്‍സ്, അപേക്ഷകന് പ്രതിമാസം 20,000 ദിര്‍ഹം വരുമാനം, 10 ലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപം, ദുബൈയില്‍ 20 ലക്ഷം ദിര്‍ഹം മൂല്യമുള്ള സ്വത്തുവകകള്‍, നിക്ഷേപവും സ്വത്തു വകകളുടെ മൂല്യവും ചേര്‍ത്ത് 20 ലക്ഷം ദിര്‍ഹം എന്നിവയിലൊന്ന് ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. താമസവിസയുള്ളവരെ ആദ്യഘട്ടത്തില്‍ പരിഗണിക്കുമെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.