കൊച്ചി: ദുബൈയില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനം കൊച്ചിയിലെത്തി. രാത്രി 8.12നാണ് IX 434 വിമാനം ലാന്‍ഡ് ചെയ്തത്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളും 177 പേരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ വന്ദേ ഭാരത് മിഷന് പ്രകാരം വിദേശത്തു നിന്ന് തിരികെ കേരളത്തില്‍ എത്തിച്ചവരുടെ എണ്ണം 1262 ആയി. തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തൃശൂരില്‍ നിന്നുള്ള 50 പേരും കോട്ടയത്തു നിന്നുള്ള 34 പേരും എറണാകുളം ജില്ലക്കാരായ 29 പേരുമാണ് വിമാനത്തിലുള്ളത്. ബാക്കിയുള്ളവര്‍ മറ്റു ജില്ലക്കാരാണ്.
യാത്രക്കാരെ വിശദമായ പരിശോധനകള്‍ക്കു ശേഷമാകും പുറത്തെത്തിക്കുക. പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാത്തവരെ കെ.എസ്.ആര്.ടി.സി ബസുകളിലും ടാക്സികളിലുമായി അതത് ജില്ലകളിലേക്കു കൊണ്ടു പോകും. രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റീന് കേന്ദ്രങ്ങളിലേക്കു മാറ്റും.
ബഹ്റൈനില്‍നിന്ന് 184 യാത്രക്കാരുമായി എയര്‍ ഇന്ത്യ IX 474 വിമാനം കോഴിക്കോടേയ്ക്ക് പുറപ്പെട്ടു. രാത്രി 11.20-ഓടെ ഇത് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം ബഹ്റൈനില്‍നിന്ന് പുറപ്പെട്ടത്.