ദുബായ്: ദുബായിലേക്കു യാത്ര ചെയ്യാന്‍ പ്യൂര്‍ ഹെല്‍ത്തിന്റെ അംഗീകാരമുള്ള ലാബുകളില്‍നിന്നുള്ള കോവിഡ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധം. കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ് ഉള്‍പ്പെടെയുള്ള രാജ്യത്തെ നാല് ലാബുകളില്‍നിന്നുള്ള ടെസ്റ്റ് റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് ദുബായ് അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലാബിനൊപ്പം, ജയ്പൂരിലെ സൂര്യം ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്ത് ലാബ് പ്രൈവറ്റ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള കോവിഡ് പരിശോധനാ ഫലം സ്വീകരിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

യാത്രയ്ക്കു മുന്നോടിയായി, പ്യൂര്‍ ഹെല്‍ത്തിന്റെ അംഗീകാരമുള്ള ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് സമ്പാദിക്കാന്‍ യാത്രക്കാരോട് ദുബായ് അധികൃതര്‍ നിര്‍ദേശിച്ചു.

കോവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദുബായ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങള്‍ക്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ വിലക്ക് തൊട്ടുപിന്നാലെ പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ 15 ദിവസത്തേക്കാണ് ദുബായ് സിവില്‍ ഏവിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

സംഭവിക്കാന്‍ പാടില്ലാത്ത പിഴവാണുണ്ടായതെന്നും ഗ്രൗണ്ട് സ്റ്റാഫിനെതിരെ നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് ക്ഷമാപണം നടത്തുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണു വിലക്ക് നീങ്ങിയത്.