ദുബായില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്കൂള്‍ കലണ്ടര്‍ പുറത്തിറക്കി. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ മന്ത്രാലയ വികസനസമിതിയാണ് 2020-21, 2021-22, 2022-23 വര്‍ഷങ്ങളിലെ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കുള്ള കലണ്ടറുകള്‍ക്ക് അംഗീകാരം നല്‍കിയത്. സ്കൂള്‍ വര്‍ഷത്തിന്റെ ആരംഭവും അവസാനവും അവധിദിനങ്ങളും അംഗീകരിച്ചതായി യു.എ.ഇ. സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.

2020-21 അധ്യയനവര്‍ഷം ഓഗസ്റ്റ് 30-നും 2021-22 അധ്യയനവര്‍ഷം 2021 ഓഗസ്റ്റ് 29-നും ആരംഭിക്കും. 2022-23 അധ്യയനവര്‍ഷം ഓഗസ്റ്റ് 28- നായിരിക്കും തുടങ്ങുക. ഓരോ വര്‍ഷവും രണ്ട് ഇടവേളകളും ഒരു സമ്മര്‍ വെക്കേഷനും ഉണ്ടാകും. 2020-21, 2022-23 വര്‍ഷങ്ങളില്‍ ആകെ 188 പ്രവൃത്തിദിനങ്ങളും 2021-22 ന് 186 പ്രവൃത്തിദിവസവുമായിരിക്കും. പൊതുവിദ്യാലയങ്ങള്‍ക്കും യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയ പാഠ്യപദ്ധതി പിന്തുടരുന്നവര്‍ക്കും 182 ദിവസമായിരിക്കും ഓരോ അധ്യയന വര്‍ഷത്തിലും ഏറ്റവും കുറഞ്ഞ പ്രവൃത്തിദനങ്ങള്‍.

വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിന്റര്‍ വെക്കേഷന്‍ ഡിസംബര്‍ 12-ന് തുടങ്ങി ഡിസംബര്‍ 31-ന് അവസാനിക്കും. 2021 ജനുവരി മൂന്നിന് സ്കൂളുകള്‍ തുറക്കും. രണ്ടാഴ്ചത്തെ സ്പ്രിങ് വെക്കേഷന്‍ മാര്‍ച്ച്‌ 28- ന് തുടങ്ങി ഏപ്രില്‍ എട്ടിന് അവസാനിക്കും. ഏപ്രില്‍ 11 മുതല്‍ ക്ലാസുകള്‍ പുനഃരാരംഭിക്കും. 2020-21 അധ്യയന വര്‍ഷം ജൂലായ് ഒന്നിന് അവസാനിക്കും.