ടോക്കിയോ: ഇന്ത്യന്‍ ഗുസ്തി താരം ദീപക് പുനിയയുടെ വിദേശ കോച്ച് മുറാദ് ഹൈദ്രോവിനെ ഒളിമ്പിക്സ് വില്ലേജില്‍ നിന്ന് പുറത്താക്കി. ദീപക് പുനിയയും സാന്‍ മരീനോയുടെ മൈലസ് നാസിമും തമ്മില്‍ നടന്ന വെങ്കല മെഡല്‍ മത്സരം നിയന്ത്രിച്ച റഫറിയെ അക്രമിച്ചതിനെ തുടര്‍ന്നാണ് മുറാദ് ഹൈദ്രോവിനെ പുറത്താക്കിയത്.
പുനിയയുടെ പരിശീലകന് മുറാദ് ഹൈദ്രോവ് മത്സരം നിയന്ത്രിച്ച റഫറിയുടെ മുറിയില്‍ കയറി അദ്ദേഹത്തെ ആക്രമിക്കുകയിരുന്നു. വ്യാഴാഴ്ച മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. തുടര്‍ന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി മുറാദിന്റെ അക്രഡിറ്റേഷന് റദ്ദാക്കി.
ബെലാറസുകാരനായ 42കാരന് മുറാദ് ഹൈദ്രോവ് 2008 ബെയ്ജിങ് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവാണ്. നേരത്തെ 2004 ഒളിമ്പിക്സില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തന്നെ തോല്‍പ്പിച്ച താരത്തെ സ്റ്റേഡിയത്തിനു പുറത്തു കായികമായി നേരിട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട ചരിത്രവും മുറാദ് ഹൈദ്രോവിനുണ്ട്.



