തിരുവല്ല: തിരുവല്ല അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാസാര്‍ത്ഥിനി ദിവ്യ പി. ജോണിന്റെ മരണത്തിലെ ദുരൂഹത എത്രയും പെട്ടെന്നു പുറത്തെത്തിക്കണമെന്ന് സഭ. മെയ് 7ന് ഉച്ചയോടെയാണ് ദിവ്യയെ കോണ്‍വെന്റിലെ കിണറ്റില്‍ വീണ നിലയില്‍ കാണപ്പെടുന്നത്. ഇതിനെതിരേ പോലീസിനെ പോലും നാണിപ്പിക്കുന്ന രീതിയില്‍ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ അന്വേഷണവും ആരോപണങ്ങളും അവസാനിപ്പിക്കണമെന്ന് സഭ ആവശ്യപ്പെടുന്നു. കൂടത്തായി കേസില്‍ ദിനവും മാധ്യമങ്ങളോടു സംസാരിച്ച വിദഗ്ദ്ധനായ പോലീസുദ്യോഗസ്ഥന്‍ എസ്പി ആയിട്ടുള്ള പ്രദേശത്താണ് ദിവ്യ പി. ജോണിന്റെ മരണം ഉണ്ടായിട്ടുള്ളത്. ഇതിന്റെ അന്വേഷണം എങ്ങനെ നീങ്ങുന്നുവെന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്.

കിണറ്റില്‍നിന്നു ജഡം പുറത്തെടുക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലേക്കു പോലീസു വിട്ടുകൊടുത്തത് ഇനിയുള്ള അന്വേഷണമെല്ലാം സാമൂഹ്യമാധ്യമക്കാര്‍ നടത്തട്ടെ എന്ന ചിന്തയോടെയാണോ എന്നു സഭ ചോദിക്കുന്നു. ആ വീഡിയോയെ അടിസ്ഥാനപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന കുറിപ്പുകള്‍ വായിച്ചാല്‍ സ്വാഭാവികമായും തോന്നുന്ന സംശയം ഇതാണത്രേ.

15 അടിയോളം വെള്ളമുള്ള കിണറാണിത്. എന്നാല്‍, ഫയര്‍ഫോഴ്‌സുകാരന്റെ കഴുത്തോളമേ വെള്ളമുള്ളൂ എന്നു സമൂഹമാധ്യമത്തില്‍ കുറിച്ച സുനിത ഹരിദാസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് എഴുത്ത് സഭയെ മനപൂര്‍വ്വം കരിവാരിത്തേക്കാനാണെന്ന് അവര്‍ ആരോപിക്കുന്നു. ‘വീഡിയോയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തൂങ്ങിക്കിടക്കുന്നതായി വ്യക്തമായി കാണം. ദിവ്യ ചുരിദാറിന്റെ ബോട്ടം ധരിച്ചിട്ടില്ലെന്നതാണ് ഈ ഭവതിയുടെ മറ്റൊരു കണ്ടെത്തല്‍. കിണറ്റില്‍ നിന്ന് പോലീസിന് അതു കിട്ടിയിട്ടില്ലേ എന്ന് പോലീസു വ്യക്തമാക്കണം. ശവംതീനികളുടെ റാകിപ്പറക്കല്‍ ആ പരിസരത്തു കണ്ടുതുടങ്ങിയിട്ടുണ്ട്. പുത്തന്‍പുര-എസ്ഒഎസ് ലോബികള്‍ ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ വച്ചു പോസ്റ്റുമോര്‍ട്ടം നടത്തിയെന്നതാണ് ശവംതീനികളുടെ മറ്റൊരു ആരോപണം. കിണറ്റില്‍ നിന്നു പുറത്തെടുത്ത ജഡം ഏഴാം തീയതി പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് പോലീസു തന്നെയാണ്. ആ തീരുമാനമെടുത്തത് ആരാണെന്നു പോലീസ് വ്യക്തമാക്കണം. എന്നാല്‍ പിറ്റേ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയം രേഖപ്പെടുത്തിയിട്ടില്ലെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം സാധുവും സത്യവുമാണെങ്കില്‍ എന്തുകൊണ്ട് അതു രേഖപ്പെടുത്തിയില്ല എന്നു വ്യക്തമാക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. സ്‌കൂട്ടറോട്ടപുരാണവുമായി ഷൈജു ആന്റണിയും ആ പരിസരത്തു രാകിപ്പറക്കുന്നുണ്ട്. നരാധമകഥയുമായി നക്തഞ്ചരയായ ലൂസിച്ചേച്ചിയും പുറത്തിറങ്ങിയിട്ടുണ്ട്.’, സഭയുടെ പിആര്‍ഒ വ്യക്തമാക്കുന്നു.

ക്രൈസ്തവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള കേസുകളുടെ ഗതി പരിശോധിച്ചാല്‍ പോലീസിന്റെ ഈ ശൈലി ഒരു പതിവുശൈലിയാണെന്നു പറയാതിരിക്കാനാവില്ല. മാധ്യമവിചാരണയ്ക്കും വിധിതീര്‍പ്പിനും ശേഷം മാധ്യമങ്ങള്‍ പറയുന്ന കുറ്റവാളികളെ അറസ്റ്റുചെയ്ത് ഒടുവില്‍ ഒരു തെളിവുമില്ലാതെ അകാരണമായി വര്‍ഷങ്ങള്‍ വലിച്ചു നീട്ടി െ്രെകസ്തവസഭയെയും സഭാനേതാക്കളെയും അവഹേളിക്കാന്‍ വിട്ടുകൊടുക്കുന്ന സ്ഥിരം ട്രാക്കിലൂടെയാണ് ഇതും പോകുന്നതെന്ന് സംശയിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്നും സഭയുടെ വക്താക്കള്‍ പറയുന്നു. അതുകൊണ്ട്, സത്യാന്വേഷികളായ കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു:

1. ദിവ്യ. പി. ജോണിന്റെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം പോലീസ് ഉടനടി അന്വേഷിച്ചു കണ്ടെത്തണം.

2. ജഡം പുറത്തെടുക്കുന്ന വീഡിയോ ഏതു പോലീസുകാര്‍, എന്തുദ്ദേശ്യത്തോടെ സാമൂഹ്യമാധ്യമങ്ങളിലേക്കു വിട്ടു എന്നു വ്യക്തമാക്കണം.

3. ആ വീഡിയോയെ ആധാരമാക്കി മാധ്യമങ്ങളില്‍ ഉയരുന്ന സന്ദേഹങ്ങളുടെ നിജാവസ്ഥ പോലീസ് വ്യക്തമാക്കണം.

4. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പഴുതില്ലാത്തതാണെന്നു പൊതുസമൂഹത്തിന് ഉറപ്പു ലഭിക്കുന്നതിനായി അതു പുറത്തുവിടണം.

5. ഈ വിഷയത്തില്‍ വൈദികരെയും സന്യസ്തരെയും അവഹേളിക്കുന്നവര്‍ക്കെതിരേ പോലീസ് നടപടിയെടുക്കണം.