തൃശൂരില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തി. സംഭവത്തില്‍ കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ പൊലീസ് കേസെടുത്തു. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. അതേസമയം സാമൂഹിക അകലം പാലിച്ചാണ് പരീക്ഷ നടത്തിയതെന്നാണ് സ്കൂള്‍ മാനേജ്മെന്റ് വിശദീകരിക്കുന്നത്. 24 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

ഇന്ന് രാവിലെയാണ് സ്കൂളിലേക്ക് പ്രവേശനപരീക്ഷ നടത്തിയത്. പരീക്ഷ നടക്കുന്നുവെന്നറിഞ്ഞ കുന്നംകുളം പൊലീസ് സ്കൂളിലെത്തുകയായി രുന്നു. സ്കൂള്‍ മാനേജ്മെന്റിനെതിരെയും അധ്യാപകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രക്ഷിതാക്കളുള്‍പ്പെടെ 25ാളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 300 പേരാണ് ഇത്തവണത്തെ സ്കൂള്‍ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. ഇതില്‍ 24 പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.

10 വയസിന് താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ഇങ്ങനെയൊരു സംഭവവും നടക്കുന്നത്. നിലവില്‍ ലോക്ഡൌണ്‍ ലംഘനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.