മുംബൈ: കോവിഡ് രോഗ വര്‍ദ്ധനവില്‍ യാതൊരു കുറവും ഇല്ലാത്ത സ്ഥിതിയാണ് മഹാരാഷ്ട്രയില്‍. തുടര്‍ച്ചയായി ഏഴാം ദിവസവും സംസ്ഥാനത്ത് രണ്ടായിരത്തിലേറെ പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നലെ 2,608 പേര്‍ക്കു കൂടി കോവിഡ് കണ്ടെത്തിയതോടെ മൊത്തം രോഗികള്‍ 47,190. ഇന്നലെ 60 പേരാണു മരിച്ചത്.

മരണ സംഖ്യ 1,577 ആയി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിന്‍ യാത്രക്കാരെ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 14 ദിവസത്തേക്ക് ക്വാറന്റീന്‍ ചെയ്യുമെന്നു മുംബൈ കോര്‍പറേഷന്‍ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകളില്‍ എത്തുന്നവരെ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്റീനില്‍ അയയ്ക്കും. സംസ്ഥാനത്ത് 1,671 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കോവിഡ് ബാധിച്ചു; 18 പേര്‍ മരിച്ചു.

തമിഴ്നാട്ടില്‍ കോവിഡ് മരണം 103 ആയി. ഇന്നലെ 759 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികള്‍ 15,512. ഇതില്‍ 7491 പേര്‍ സുഖപ്പെട്ടു. തലസ്ഥാനമായ ചെന്നൈയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചതു 625 പേര്‍ക്ക്. നഗരത്തില്‍ ഒറ്റ ദിനം ഇത്രയധികം പേര്‍ക്കു രോഗം കണ്ടെത്തുന്നത് ആദ്യം. ഇവിടെ ആകെ രോഗികള്‍ 9989. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ 15 ഡോക്ടര്‍മാര്‍ക്കു കോവിഡ് അതിനിടെ, ചെന്നൈ ഒഴികെയുള്ള നഗരങ്ങളില്‍ സലൂണും ബ്യൂട്ടി പാര്‍ലറും ഇന്നു മുതല്‍ തുറക്കാന്‍ അനുമതി നല്‍കി.

കര്‍ണാടകയില്‍ കോവിഡ് രോഗികള്‍ 19,59. മരണം 42. പുതിയ 216 രോഗികളില്‍ 4 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ 12 വയസില്‍ താഴെയുള്ള 36 കുട്ടികള്‍. കര്‍ണാടകയില്‍ ഇന്നു മുതല്‍ എല്ലാ ഞായറാഴ്ചയും സമ്ബൂര്‍ണ ലോക്‌ഡൗണ്‍. നഷ്ടം നികത്താന്‍ സ്വകാര്യ ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് 15% ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി.