ദര്‍ശനം രാവിലെ ആറുമുതല്‍ വൈകീട്ട് ഏഴുവരെ …സാമൂഹിക അകലം, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധത്തിന് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഭക്തര്‍ പാലിക്കണം…. ഒരേ സമയം ക്ഷേത്രത്തിനകത്ത് അഞ്ചുപേര്‍ക്ക് മാത്രമാണ് ദര്‍ശനം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളോളം പ്രവേശനം അനുവദിക്കാതിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നു. ചിങ്ങം ഒന്നുമുതല്‍ ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ദര്‍ശനം രാവിലെ ആറുമുതല്‍ വൈകീട്ട് ഏഴുവരെ മാത്രമായിരിക്കും. വിശേഷാല്‍ ഗണപതി ഹോമം നടത്താനും ബോര്‍ഡ് നിര്‍ദേശം നല്‍കി.

ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രങ്ങള്‍ തുറക്കുമ്ബോഴും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. സാമൂഹിക അകലം, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധത്തിന് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഭക്തര്‍ പാലിക്കണം. ഒരേ സമയം ക്ഷേത്രത്തിനകത്ത് അഞ്ചുപേര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുകയുളളൂവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഒരു മാസം മുന്‍പ് തന്നെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രോഗവ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ദര്‍ശനം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുന്നത്. നിലവില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ മാത്രമാണ് നടക്കുന്നത്.