ന്യൂയോര്‍ക്ക് : കലാസംവിധായകനും സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകനും ഫൊക്കാന അംഗവുമായിരുന്ന തിരുവല്ല ബേബിയുടെ വേര്‍പാടില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അനുശോചിച്ചു. വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍, ബന്ധുമിത്രങ്ങള്‍ എന്നിവര്‍ക്കൊപ്പം എല്ലാ ഫൊക്കാന അംഗങ്ങളും പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

കലാ- സാംസ്‌ക്കാരിക- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സമന്വയം സാധ്യമാക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു തിരുവല്ല ബേബിയെന്ന് മാധവന്‍ നായര്‍ പറഞ്ഞു. നൂറില്‍പ്പരം സിനിമകളുടെ കലാസംവിധായകനായിരുന്ന തിരുവല്ല ബേബി ജീവിതത്തില്‍ എപ്പോഴും കര്‍മ്മനിരതനായിരുന്നു. 84-ാം വയസില്‍ ഈ ലോകത്തോട് വിട പറയുന്നതുവരെയും അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ വ്യാപൃതനായിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന അദ്ദേഹം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു. അമേരിക്കയിലായിരുന്നു പ്രവര്‍ത്തന മണ്ഡലമെങ്കിലും വിപുലമായ ബന്ധങ്ങള്‍ നാട്ടിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമായി അദ്ദേഹം സൂക്ഷിച്ചിരുന്നു. അമേരിക്കയിലേക്ക് അദ്ദേഹത്തെ യാത്രയാക്കുന്നതു തന്നെ മലയാളത്തിന്റെ നിത്യഹരിത നായകനായിരുന്ന പ്രേംനസീറും മറ്റ് പ്രമുഖതാരങ്ങളും ചേര്‍ന്നായിരുന്നു.

കലാരംഗത്തെന്നപോലെ സാമൂഹ്യരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന ബേബിയുടെ അത്തരം പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് അമേരിക്കയില്‍ ഒട്ടേറെ പള്ളികള്‍ക്കായി അദ്ദേഹം രൂപപ്പെടുത്തിയ എഴുപത്തിഒന്‍പതോളം മദബഹകളും അള്‍ത്താരകളും. ഫൊക്കാന സമ്മേളങ്ങള്‍ക്കായി അദ്ദേഹം തീര്‍ത്ത
രംഗ സംവിധാനങ്ങളുടെ വര്ണപ്പൊലിമയും കേരളത്തെക്കുറിച്ചുള്ള ടാബ്ലോകളും മറക്കാനാവാത്ത കലാസൃഷ്ടികളായിരുന്നു. 1983 മുതൽ അദ്ദേഹം ഫൊക്കാന സമ്മേളനങ്ങളുടെ ആർട്ട് ഡയറക്ടറായിരുന്നു. ഓരോ സമ്മേളനത്തിനും വേണ്ടി അദ്ദേഹം രൂപംകൊടുത്ത വേദികൾ ഓരോന്നും അവിസ്മരണീയമായ കാലസൃഷ്ടികൾ തന്നെയായിരുന്നു. വരുന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം നാമനിർദേശം നൽകുകയും ചെയ്തിരുന്നു.

ലോംഗ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വേളയിലാണ് അദ്ദേഹം വേര്‍പിരിയുന്നത്. തികഞ്ഞ വിശ്വാസിയിരുന്ന ബേബിയുടെ ദേഹവിയോഗം പോലും ദുഃഖവെള്ളി പ്രാര്‍ത്ഥകളില്‍ മുഴുകുന്ന സമയത്തായിരുന്നു. ഗൃഹനാഥന്‍ എന്ന നിലയിലും സമൂഹജീവി എന്ന നിലയിലും മാതൃകാപരമായ ജീവിതം കാഴ്ചവച്ച തിരുവല്ല ബേബിയുടെ വിയോഗം അദ്ദേഹത്തിന്റെ പത്‌നി ശോശാമ്മാബേബി, മക്കളായ നാന്‍സി, സിബി, ബിനു, നവീന്‍ എന്നിവര്‍ക്കൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിനും തീരാനഷ്ടമാണെന്ന് ബി. മാധവന്‍നായര്‍ അനുസ്മരിച്ചു. തിരുവല്ല ബേബിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മാർച്ച് 13 ന് അന്തർദേശീയ തലത്തിൽ ടെലികോൺഫറൻസ് വഴി അനുശോചനയോഗവും പ്രാർത്ഥനകളും നടത്തുമെന്നും മാധവൻ നായർ അറിയിച്ചു.