ചാടിയ വയറും തൂങ്ങി തട്ടിയ ശരീരവും,
ഇതാണ് അദ്ദേഹത്തിന്റെ പരിഹാസം..
ഒരുവളുടെ സങ്കടം..
എന്നോട് മറിച്ചാണ്,
NH 47 പോലെ ഇരിക്കുന്ന ശരീരം ആണെന്ന്,
മുഴുപ്പും കൊഴുപ്പും ഇല്ലാതെ ലൈംഗിക സുഖമില്ലത്രേ !
അടുത്തവളുടെ നിരാശ..

സ്ത്രീകള്‍ ഇത്തരത്തില്‍ പരാതി പറയുമ്പോള്‍ പുരുഷന് ഒരിക്കലും അതേ നാണയത്തില്‍ പരിഭവം പറയേണ്ട അവസ്ഥ ഈ നിമിഷം വരെ നമ്മുടെ സമൂഹത്തില്‍ കുറവാണ്..

അവന്‍ പറയുന്നത് ഇങ്ങനെ മാത്രമാണ്..
അവള്‍ വെറും പാഴാണെന്ന്..
കിടപ്പറയില്‍ ശവം പോലെ…
അല്ലേല്‍ ലൈംഗിക താല്പര്യം ഇല്ലാതെ മരവിച്ചവള്‍..

നിരവധി തവണ പിച്ചും പേയും പോലെ ഇവിടെ കുറിച്ച ഭൂതകാലമാണ് എന്റേത്..
അവസാനമായി ഒന്ന് കൂടി അക്ഷരം ആവര്‍ത്തിക്കുന്നു..
നാളെ മുതല്‍ വര്‍ത്തമാനകാല കുറിപ്പുകള്‍ മാത്രമാകട്ടെ എന്ന പ്രതിജ്ഞയില്‍..

വിവാഹമോചനത്തിന് മുന്പ് എന്നോട് നിരവധി സ്ത്രീകള്‍, മോള്‍ടെ അച്ഛന്റെ സുഹൃത്തുക്കളുടെ ഭാര്യമാര്‍, മുന്നിലിരുന്നു ഇതേ ആരോപണം ഉന്നയിച്ചു..
അവരുടെ ഭര്‍ത്താക്കന്മാര്‍ കഥ അറിയാന്‍ പുറത്ത് വട്ടമിട്ടു…

മോളെ വിട്ടു കൊടുക്കാന്‍ അദ്ദേഹം അയച്ച നോട്ടീസില്‍ അതേ പോരായ്മകള്‍ എഴുതാന്‍ വക്കീലും സന്നദ്ധനായി..
അതിനൊക്കെ മുന്പ്, എന്റെ അച്ഛനോട് പറഞ്ഞിരുന്നു,
മോള്‍ക്ക് കഴിവില്ല എന്ന്..
എങ്ങനെയോ ഒരു കുഞ്ഞുണ്ടായി !
നിങ്ങളുടെ മകളില്‍ ഞാനെങ്ങനെ ഒതുങ്ങും.!
എന്റെ കൂടെ അവിഹിതമായി ചേര്‍ക്കാന്‍ അവസാനം വരെ ഒരു പുരുഷനെ കണ്ടെത്താന്‍ അദ്ദേഹം തയ്യാറാകാത്തത് ഈ ആരോപണത്തിന് ബലം കിട്ടാനല്ലേ… !??

സമൂഹത്തിനു മുന്നില് വിവാഹമോചനം കഴിഞ്ഞു ഒറ്റയ്ക്ക് ജീവിക്കുന്നത്, നാടും വീടും വിട്ടകന്ന് കഴിയുന്നത്, അത്യാശ്യത്തില്‍ കൂടുതല്‍ ശരീരമുള്ള, അത്ര സുന്ദരി അല്ലെങ്കിലും കാണാന്‍ വിരൂപി അല്ലാത്ത സ്ത്രീയാണ്..

അവളുടെ പ്രത്യേകത എന്നാല്‍ സോഷ്യല്‍ മീഡിയയിലെ അമിതമായ ഇടപെടലും ഉപയോഗവുമാണ്… നിമിഷം പ്രതി സ്വന്തം ഫോട്ടോ ഇട്ടു പ്രദര്‍ശനം നടത്തുന്നു…
എഴുതുന്നതില്‍ പൊള്ളുന്ന വിഷയങ്ങളുണ്ട്..
അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത ആണോ വരികളായി വരുന്നതെന്നറിയില്ല..

അവളൊരു സൈക്കോളജിസ്‌റ് ആണോ എന്നുള്ളത് ഒരു വലിയ കാര്യമല്ല..
പക്ഷെ, കക്കൂസില്‍ എങ്കിലും വായില്‍ തോന്നിയത് കുറിക്കുമെന്നത് ബോധമുള്ളവന്റെ ഉള്ളിലെ അപായസൂചനയാണ്..

എന്നിരുന്നാലും ഒളിഞ്ഞു വളഞ്ഞു മൂക്കില്‍ പിടിക്കാന്‍ ശ്രമിക്കുന്ന ഓരോ പുരുഷനോടും വിവാഹമോചനത്തിന്റെ കാരണങ്ങള്‍ തുറന്ന് പറയാറുണ്ട്..
വെറുതെ ആരുടേയും സമയം കളയുന്നത് ശെരി അല്ലല്ലോ..
കണ്ണുകളിലെ വികാരങ്ങള്‍ തെറ്റിദ്ധരിക്കരുത്..
ഞാന്‍ നിങ്ങളുദ്ദേശിക്കുന്ന ആളല്ല !

എന്റെ അനുഭവങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീയെ വളയ്ക്കാന്‍ ശ്രമിക്കുക എന്നതൊരു സാഹസമാണ്..
എന്നോട് താല്പര്യം തോന്നിയ 90 % പുരുഷനും പാളിപ്പോയ സാഹസത്തിന്റെ ഉടമകളാണ് എന്നത് സ്ത്രീ സഹജമായ അഹങ്കാരം ഉണ്ടാക്കാറുണ്ട്.. തട്ടിത്തെറിപ്പിക്കുന്ന പ്രണയാഭ്യര്‍ഥനകളുടെ പിന്നില്‍ പച്ചയായ കാമം മാത്രമാണെന്ന് അറിയുകയും അതേ സംഭവത്തെ ചവിട്ടി ദൂരെ കളയുകയും ചെയ്യുന്ന സമയം കിട്ടുന്ന പേരറിയാത്ത വികാരം.. സുന്ദരി എന്ന് വിളിച്ചാലും ഇല്ലാത്തവള്‍ എന്ന് പറഞ്ഞാലും ഏല്‍ക്കാത്ത തലത്തില്‍ എത്തിയവളുടെ അഹങ്കാരം… ?

ഇതിലും സുരക്ഷിതമായ മാനസിക തലത്തില്‍ അവള്‍ ജീവിച്ചേനെ, ആദ്യമേ ഇറങ്ങി വന്നിരുന്നു എങ്കില്‍…

എന്നാല്‍, ഇറങ്ങി പോരണം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങുമ്പോള്‍ എന്ന് പറയാന്‍ എളുപ്പമാണ്..
സ്‌നേഹത്തിനു വേണ്ടി അഭിമാനം കളയരുത് എന്ന് അറിയാത്തതു കൊണ്ടല്ല..
സ്വന്തം കാലില്‍ നില്‍ക്കുന്ന എത്ര ശതമാനം സ്ത്രീകളുണ്ട് ഈ നാട്ടില്‍?

എല്ലാ പെണ്ണുങ്ങളും പൊന്ന് തമ്പുരാന്റെ ചക്രം വാങ്ങുന്നവരല്ല..
അവസാനത്തെ ആറേഴു വര്‍ഷങ്ങള്‍ കഠിനമായി പരിശ്രമിച്ചാണ് ഞാനും പര്യാപ്തമായത്..

സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായത് അന്നാണ്…
ഇന്ന് ചങ്കുറ്റമുണ്ട്..
എനിക്ക് അത്യാവശ്യം സാമ്പത്തിക ബലമുണ്ട്.. ഭദ്രതയുണ്ട്..
സ്വന്തം വീട്ടില്‍ തിരിച്ചെത്തി അച്ഛന്റെയോ സഹോദരന്റെയോ തണല്‍ തേടേണ്ടതില്ല..
ആ സഹായം തേടുക എന്നത്
മറ്റൊരു തരത്തില്‍ അപമാനമല്ലേ !

അക്ഷരങ്ങളിലെ ഫെമിനിസം അല്ല പച്ചയായ ജീവിതം..
അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് വരരുതായിരുന്നു പെണ്ണുങ്ങള്‍ എന്ന് പോലും ഒരുകാലത്ത് സ്വയം ശപിച്ചു പോയിട്ടുണ്ട്..
എങ്കില്‍ പ്രതികരണം മനസ്സില്‍ പോലും ഉണ്ടാകില്ലായിരുന്നു..
തിന്നാനും ഉടുക്കാനും കിട്ടിയാല്‍ പോരേ..
ഭോഗവസ്തു എന്നതൊരു സമൃദ്ധമായ പദവി ആയി കണ്ടേനെ !
പെറ്റു കൂട്ടി അങ്ങനെ അങ്ങ് പോയാല്‍ പോരായിരുന്നോ..

Thappad ഇനിയും കണ്ടിട്ടില്ല..
പെണ്ണുങ്ങളുടെ റിവ്യൂ വായിച്ചു കൊണ്ടേ ഇരിക്കുന്നു…

സമൂഹത്തെ ഭയന്നു ജീവിതം തുടരുന്ന സ്ത്രീകള്‍ ഉറപ്പായും ഉണ്ട്,
എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്തതാണ് മുഖ്യ കാരണം പലരുടെയും…
മരണത്തെ മുഖാമുഖം കണ്ടവന് മാത്രമേ ജീവിതത്തിന്റെ വില അറിയൂ..

കുഞ്ഞുങ്ങളെ കരുതി ത്യാഗം ചെയ്യുന്ന പെണ്ണുങ്ങള്‍ കഥകളിലായി ചുരുങ്ങി തുടങ്ങി!
ലിപ്സ്റ്റിക്, പുട്ടി, ഇവയൊക്കെ ഇട്ടു,
കുലുങ്ങി നടക്കുമ്പോഴും സാമ്പത്തിക ഭദ്രത ഇല്ലാതെ നിസ്സഹായത അനുഭവിക്കുന്ന അഭ്യസ്തവിദ്യരായ പെണ്ണുങ്ങളുടെ കണ്ണീര്‍ ഗാര്‍ഹിക പീഡനത്തിന്റെ മുകളില്‍ ഇനിയും തിളങ്ങും..
Phd യും ഗോള്‍ഡ് മെഡലും അവളെ നോക്കി പല്ലിളിയ്ക്കും..

പെണ്ണ് എന്ന ആത്മാവ് നഷ്ടമായ ഭൂതകാലം എനിക്കുമുണ്ടായിരുന്നു..
കയ്യില്‍ വരുമാനം ഉണ്ടായതിനു ശേഷം മാത്രമേ എനിക്കതിനെ സംരക്ഷിക്കാന്‍ ആയുള്ളൂ…

സ്വന്തം കഥ എഴുതേണ്ട എന്ന് ഉപദേശം തരുന്നവര്‍ പൊറുക്കണം..
അഭിമാനം പണയം വെച്ചു ജീവിച്ച നാളുകളുടെ പൊള്ളല്‍ അവസാനമായി കുത്തി കുറിച്ച് കൊണ്ട് ഇവിടെ മടക്കുന്നു..
ഇതിലിനി ഇങ്ങോട്ട് വെയ്ക്കാന്‍ ചോദ്യങ്ങളില്ല..
പോരാളിയാണ്..
പൊരുതുക ആണ്..

Nb : ഇതില്‍ കണ്ണീരില്‍ മുങ്ങിയ ഇമോജി ഇടുന്ന പെണ്ണുങ്ങളെ, നിങ്ങളെ എനിക്ക് ഭയമാണ് ??