താലിബാനെ ഒരിക്കലും അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി യുകെ. അഫ്ഗാനിസ്താനിലെ യാഥാർത്ഥ്യം അംഗീകരിച്ച് ക്രിയാത്മകമായ ബന്ധം പുലർത്തുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. അഫ്ഗാനിൽ താലിബാൻ ഉടൻ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുകെ നിലപാട് വ്യക്തമാക്കിയത്.

യുഎസ് സൈനിക പിന്മാറ്റവും താലിബാൻ അധിനിവേശവും നടന്നതിന് ശേഷം അഫ്ഗാനിലെ പുതിയ യാഥാർത്ഥ്യം ലോകം അഭിമുഖീകരിക്കേണ്ടതുണ്ട്. അഫ്ഗാന്റെ അയൽ രാജ്യമായതിനാൽ താലിബാനിൽ സ്വാധീനം ചെലുത്തുന്നതിൽ പാകിസ്താന്റെ പങ്ക് നിർണായകമാണെന്നും റാബ് വ്യക്തമാക്കി.

അയൽ രാജ്യങ്ങൾ തമ്മിലുള്ള സമീപനം തികച്ചും വ്യത്യസ്തമായിരിക്കും. അഫ്ഗാനിലെ ജനങ്ങൾക്ക് അനുകൂലമായ ഭരണം കാഴ്ചവെക്കുമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് നടപ്പിലാക്കുമോ എന്നത് നോക്കി കാണേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാന് യുകെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഇന്നലെയാണ് റാബ് പാകിസ്താനിലെത്തിയത്. തുടർന്ന് ഇന്ന് മാദ്ധ്യമങ്ങളെ കാണുന്നതിനിടെയാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.