ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമർശിച്ച് നടി വാമിഖ ഗബ്ബി. കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്നായിരുന്നു വാമിഖയുടെ പരാമർശം. മുൻപ് ആരാധികയായിരുന്നു എന്നും ഇപ്പോൾ അതോർത്ത് ലജ്ജിക്കുന്നു എന്നും വാമിഖ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തു.

കർഷക പ്രതിഷേധത്തെ വിമർശിച്ച കങ്കണ വ്യാപകമായി വിമർശനം ഏറ്റുവാങ്ങിയിരുന്നു. നടൻ ദിൽജിത് ദോസഞ്ജിൻ്റെ ചില ട്വീറ്റുകൾ വൈറലാവുകയും ചെയ്തു. ട്വീറ്റുകൾക്ക് കങ്കണ നൽകിയ മറുപടികൾ വിവാദമായതിനു പിന്നാലെ ഈ ട്വീറ്റുകളിൽ ഒന്ന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വാമിഖ രംഗത്തുവന്നത്. മുൻപ് ഉണ്ടായിരുന്ന ആരാധന ഇപ്പോൾ ലജ്ജിപ്പിക്കുന്നു എന്ന് കുറിച്ച വാമിഖ വെറുപ്പ് മാത്രം പരത്തുന്ന ഒരു സ്ത്രീ ആയി താങ്കൾ അധപതിച്ചത് ഹൃദയഭേദകമാണ് എന്നും കുറിച്ചു. ഇതേ തുടർന്നാണ് കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തത്.

കർഷക പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ‘ഷഹീൻബാഗ് ദാദി’ ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ചതിനെ തുടർന്നാണ് കങ്കണ വ്യാപകമായി വിമർശനം നേരിട്ടു തുടങ്ങിയത്. സംഭവത്തിൽ കങ്കണയ്ക്കെതിരെ പഞ്ചാബിൽ നിന്നുള്ള ഒരു അഭിഭാഷകൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ബിൽകീസ് ബാനുവിനെ അപകീർത്തിപ്പെടുക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തയതിനാണ് നോട്ടിസ്.