ദില്ലി: തമിഴ്നാട്ടില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി അനുമതി. തമിഴ്നാട്ടിലെ മദ്യവില്‍പ്പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തുകൊണ്ടാണ് ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഏത് രീതിയിലും സംസ്ഥാനത്ത് മദ്യം വില്‍പ്പന നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ടാസ്മാക്കുകള്‍ വഴി മദ്യം വില്‍പ്പന നടത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ടാസ്മാക്ക് ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഏത് മാര്‍ഗത്തിലാണ് മദ്യം വില്‍പ്പന നടത്തേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

രണ്ടാംഘട്ട ലോക്ക് ഡൌണ്‍ അവസാനിച്ചതോടെ ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ മദ്യശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ ചട്ടങ്ങള്‍ പാലിക്കാതെ ആളുകള്‍ മദ്യശാലകളിലേത്ത് തള്ളിക്കളയറിയതിനെ തുടര്‍ന്നാണ് കോടതി മദ്യവില്‍പ്പന വിഷയത്തില്‍ ഇടപെടുന്നത്. സംസ്ഥാനത്തെ മദ്യവില്‍പ്പന തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

അതേ സമയം മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നതിനുള്ള അനുമതി നിലവിലുണ്ട്. ശനിയാഴ്ചയാണ് തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്. മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പ്പന അനുവദിച്ചുകൊണ്ട് വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.