പാലക്കാട്: വിവാദ പ്രസംഗത്തില്‍ തിരുത്തലുമായി പി.കെ.ശശി എം.എല്‍.എ. ആ പ്രസ്താവന തനിക്കു വന്ന നാക്കുപിഴയായിരുന്നുവെന്നായിരുന്നു ശശിയുടെ വിശദീകരണം. മാദ്ധ്യമ വാര്‍ത്ത അതിശയോക്തിപരമാണെന്നും പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം നല്‍കുന്നതിന് വേണ്ടിയാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും പി.കെ ശശി പറഞ്ഞു.

തനിക്ക് നാക്കുപിഴ സംഭവിച്ചു. അതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ലെന്നും പി.കെ.ശശി പറഞ്ഞു.പാര്‍ട്ടി ഓഫീസില്‍നിന്ന് പോകുന്ന വഴിക്കുവച്ച്‌ ചില പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വന്നിരുന്നു. മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകരായ കുറച്ചു പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ വന്നിട്ടുണ്ടെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ താന്‍ വരില്ലെന്നും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണമെന്നും താന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അങ്ങനെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ശശി പ്രതികരിച്ചു.

പതിനാല് പേര്‍ മാത്രമേ യോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എണ്ണി നോക്കിയിരുന്നു. ഒന്നര മിനിറ്റ് മാത്രമാണ് അവിടെ നിന്നത്. നിരോധനാജ്ഞ ലംഘനവും നടത്തിയിട്ടില്ല. പെരുന്നാള്‍ ദിവസം നിരോധനാജ്ഞ ഇല്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

പാലക്കാട് കരിമ്ബുഴയില്‍ ലീഗില്‍നിന്ന് രാജിവച്ച്‌ സി.പി.എമ്മില്‍ ചേര്‍ന്നവരോടായിരുന്നു ശശി വിവാദ പ്രസ്താവന നടത്തിയത്. ‘പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ്ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച്‌ ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്’ എന്നായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസ്താവന.