ന്യൂഡല്‍ഹി; തെക്കന്‍ ഡല്‍​ഹിയിലെ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എഎപി എംഎല്‍എ പ്രകാശ് ജര്‍വാള്‍ അറസ്റ്റില്‍. ഡോക്ടറുടെ മകന്റെ പരാതിയിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ഡിയോളില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയ്ക്കെതിരെ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചാണ് ഡോക്‌ടര്‍ ജീവനൊടുക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ സഹായി കപില്‍ നഗര്‍ പൊലീസ് കസ്റ്റിഡിയിലാണ്. ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ജര്‍വാളിന് രണ്ടുതവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ഹാജരാകാന്‍ തയ്യാറായില്ല. അതെതുടര്‍ന്ന് ജര്‍വാളിനും സഹായിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ്.

ഏപ്രില്‍ 18നാണ് രാജേന്ദ്ര സിങ് (52) എന്ന ഡോക്ടര്‍ സൗത്ത് ദില്ലിയിലെ ദുര്‍ഗാ വിഹാറിലുള്ള വസതിയില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യയില്‍ എംഎല്‍യുടെ പേരുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടി എംഎല്‍എ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ ആരോപിച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിരുന്നുവെന്ന് പുറത്തു വന്ന വിവരങ്ങളിലുണ്ടായിരുന്നു. എംഎല്‍എയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയും പണാപഹരണവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സ്വന്തമായി ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്ക് ടാങ്കറില്‍ ജല വിതരണം നടത്തുന്ന സ്ഥാപനവും ഉണ്ടായിരുന്നു. ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പത്ത് മാസത്തോളമായി ഡോക്ടറുമായി സംസാരിച്ചിട്ടു പോലുമില്ലെന്നും എംഎല്‍എ അവകാശപ്പെട്ടു.

2017 ല്‍ ടാങ്കര്‍ മാഫിയയുമായി ബന്ധപ്പെട്ട് ഒരു ന്യൂസ് ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനില്‍ ഡോക്ടറും ഉള്‍പ്പെട്ടിരുന്നുവെന്നും അതിനു ശേഷം അദ്ദേഹത്തിന്റെ വാഹനങ്ങളെ കരിമ്ബട്ടികയില്‍ പെടുത്തിയിരുന്നുവെന്നും പ്രകാശ് ജര്‍വാള്‍ ആരോപിച്ചിരുന്നു. നിലവില്‍ എംഎല്‍എ ഒളിവിലാണ്.