പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 10 ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉത്തരവിട്ടു. പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഒന്‍പതിനും അവധിയായിരിക്കും.

അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളില്‍ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 14 നുമാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് . വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും.

കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടാണ്. പോളിംഗിന് മൂന്ന് ദിവസം മുമ്പ് വരെ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാം. പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക് സാനിട്ടൈസറും ബ്രേക്ക് ദി ചെയിന്‍ സൗകര്യവും ലഭ്യമാക്കും. ക്രിസ്മസിന് മുമ്പ് പുതിയ ഭരണ സമിതികള്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നതിന് നടപടിയുണ്ടാകും. ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്ത് കോര്‍പ്പറേഷനുകളിലേയ്ക്ക് 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് പകുതി തുക മാത്രം.