>ഡാലസ് ∙ ഡാലസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മേയ് ഒൻപത് ഞായറാഴ്ച അഞ്ചു മണിക്ക് ലൂയിസ് വില്ലായിലുള്ള സുകു വറുഗീസിന്റെ വീടിന്റെ ഓപ്പൺ യാർഡിൽ വെച്ച് സാമൂഹിക അകലം പാലിച്ചു നടത്തി. പ്രസിഡന്റ് എബി മക്കപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ പൊതു പരിപാടിയിൽ സെക്രട്ടറി അജയകുമാർ ആശംസ നേർന്നു. ബ്രിന്റാ ബേബി ആയിരുന്നു ഈ മീറ്റിംഗിന്റെ എം.സി.
ഡാലസിലുള്ള കലാ സാംസ്‌കാരിക മേഖലകളിൽ സജീവ പങ്കാളിത്വം ഉള്ളതും, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മലയാളം അധ്യാപികയുമായ ഡോ.ഹിമ രവിദ്രനാഥ് ഈ യോഗത്തിലെ അതിഥിയും മുഖ്യ പ്രഭാഷകയും ആയിരുന്നു. മാതൃ ദിനത്തിന്റെ മാഹാത്മ്യത്തെ പറ്റി വിവരിച്ചു കൊണ്ടായിരുന്നു ഡോ.ഹിമയുടെ പ്രഭാഷണം. അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ വിനിത ഫോറം പ്രസിഡന്റ് ജെയ്സി ജോർജ് ആശംസാ പ്രസംഗം നടത്തി. യോഗത്തിൽ എത്തിയ അമ്മമാർക്ക് റോസാ പുഷ്പങ്ങൾ നൽകി സ്നേഹപൂർവ്വം സ്വീകരിച്ചു.
ചുരുങ്ങിയ സമയ പരിധിയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ അജയൻ മട്ടന്മേൽ, സുകു വർഗീസ്, സജി കോട്ടയടിയിൽ, റെഞ്ചി ഗാർലാൻഡ് എന്നിവർ അമ്മമാരെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനങ്ങൾ ആലപിച്ചു. സീരിയൽ നടൻ സജി കോട്ടയടിയിൽ സിനിമ താരങ്ങളെ അനുകരിച്ചു മിമിക്രി നടത്തി കാണികളുടെ കൈയടി വാങ്ങി. ഡാലസ് സൗഹൃദ വേദിയുടെ ജോയിന്റ് സെക്രട്ടറി ഷീബാ മത്തായിയുടെ നന്ദി പ്രകടനത്തോട് കൂടി യോഗം അവസാനിച്ചു.
യോഗത്തിൽ എത്തിയ എല്ലാവർക്കും സ്നേഹ വിരുന്നു നൽകി ഡാലസ് സൗഹൃദ വേദി 2021 മാതേർസ് ഡേ കോവിഡ് മഹാ മാരിയുടെ മധ്യത്തിൽ ഒരിക്കൽ കൂടി ആഘോഷം നടത്തി.



