ഡാലസ് ∙ അമേരിക്കയിൽ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ 200000 കവിഞ്ഞ അതേ ദിവസം തന്നെ ഡാലസ് കൗണ്ടിയിൽ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1000 ത്തിലെത്തിയതായി ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതർ സെപ്റ്റംബർ 22 ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

സെപ്റ്റംബർ 22 ചൊവ്വാഴ്ച മൂന്നു പേർ മരിച്ചതോടെയാണ് മരണസംഖ്യ 1000ത്തിലെത്തിയത്.ആയിരം പേരുടെ കുടുംബാംഗങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അഭ്യർത്ഥിച്ചു. ആറുമാസം കൊണ്ടാണ് 1000 പേർ മരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്സസിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,000 കവിഞ്ഞു.

മാർച്ചിൽ കോറോണ വൈറസ് മരണം സംഭവിച്ചതിനുശേഷം ആറുമാസത്തിനുള്ളിൽ ഇത്രയും മരണം നടന്നുവെങ്കിൽ 365 ദിവസത്തിനുള്ളിൽ ഇതു ഇരട്ടിയാകാൻ സാധ്യത വളരെ കൂടുതലാണെന്നും ജഡ്ജി പറഞ്ഞു. സ്വാർഥത മാത്രം ലക്ഷ്യമാക്കാതെ സമൂഹത്തിന്റെ സുരക്ഷിതത്വവും കൂടി കണക്കിലെടുത്ത് എല്ലാവരും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജഡ്ജി നിർദേശിച്ചു. ഡാലസ് കൗണ്ടിയിൽ ഇതുവരെ 78377 പോസിറ്റീവ് കേസ്സുകൾ കണ്ടെത്തിയതിൽ ഇതിൽ 71,198 പേർ സുഖം പ്രാപിച്ചതായി ചൊവ്വാഴ്ച ലഭിച്ച റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു.