ന്യൂഡല്‍ഹി | കൊവിഡിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയവര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 20ന് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തിയേക്കും. ഡല്‍ഹിക്കും സമീപ സംസ്ഥാനങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാകും ട്രെയ്‌നില്‍ മുന്‍ഗണന ലഭിക്കുക. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കായിരിക്കും ട്രെയ്ന്‍ സര്‍വ്വീസ് നടത്തുക.

നാട്ടിലേക്ക് തിരികെ എത്താന്‍ കഴിയാതെ വിവിധ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ഇനിയും വൈകിയാല്‍ കാല്‍നടയായി യാത്ര ചെയ്യുമെന്ന് ഡല്‍ഹിയിലെ ചില വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ഞായറാഴ്ച മുതല്‍ കാല്‍നട യാത്ര തുടങ്ങുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ ട്രെയിനിന്റെ തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.