ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഒരു ദിവസം 18000 കൊവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും യോഗത്തില്‍ അംഗീകരിച്ചു.

സര്‍വകക്ഷി യോഗത്തില്‍ ബിജെപി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്‌പി നേതാക്കള്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കാന്‍ നടപടി വേണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു. വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണോ വേണ്ടേ എന്ന കാര്യത്തില്‍ യാതൊരു ചര്‍ച്ചയും നടന്നില്ല.

അതേസമയം 450 രൂപ മാത്രം ചെലവ് വരുന്ന കൊവിഡ് ടെസ്റ്റ് ഡല്‍ഹിയില്‍ ഉടന്‍ ലഭ്യമാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ന്‍മെന്റ് സോണിലുള്ള കുടുംബങ്ങള്‍ക്കും പതിനായിരം രൂപ വീതം സാമ്ബത്തിക സഹായം നല്‍കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം ഡല്‍ഹിയിലെ ആശുപത്രികളില്‍ നിലവിലുള്ള മോര്‍ച്ചറികളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. മോര്‍ച്ചറികളില്‍ ശീതീകരണ കണ്ടെയ്നറുകള്‍ സ്ഥാപിക്കാനും സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ പരിശോധനക്ക് ശേഷമാണ് സമിതിയുടെ ശുപാര്‍ശ.