ന്യൂഡല്‍ഹി : ഡല്‍ഹിയില്‍നിന്ന് മലയാളികളുമായി സ്പെഷ്യല്‍ ട്രെയിന്‍ യാത്രതിരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം അനുവദിച്ച നോണ്‍ എസി ട്രെയിന്‍ 1120 യാത്രക്കാരുമായി ബുധനാഴ്ച വൈകിട്ട് 7.05നാണ് ന്യൂഡല്‍ഹി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച പകല്‍ 12ന് തിരുവനന്തപുരത്തെത്തും.കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.

ഡല്‍ഹിയില്‍നിന്ന് ജോലി നഷ്ടപ്പെട്ട നഴ്സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യുപി (103), ജമ്മുകാശ്മീര്‍(12), ഹരിയാന-(110), ഹിമാചല്‍പ്രദേശ്(50), ഉത്തരാഖണ്ഡ്(-36) എന്നിവിടങ്ങളില്‍നിന്നാണ് ബാക്കിയാളുകള്‍. 700 വിദ്യാര്‍ത്ഥികളും 60 ഗര്‍ഭിണികളുമുണ്ട്. ട്രെയിനിലും ഡല്‍ഹി സര്‍ക്കാരിന്റെ സ്ക്രീനിങ് സെന്ററുകളിലും സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. സീറ്റ് നമ്ബറില്ലാതെ കോച്ച്‌ നമ്ബര്‍ മാത്രമാണ് റെയില്‍വേ അനുവദിച്ചത്. ഇത് തിരക്കും ആശയക്കുഴപ്പവും സൃഷ്ടിച്ചതോടെ ട്രെയിന്‍ പുറപ്പെടാന്‍ ഒരു മണിക്കൂര്‍ വൈകി. 40 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ബര്‍ത്തുകള്‍ അനുവദിച്ചിട്ടില്ലെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍നിന്ന് ലജ്പത് നഗറിലെ സ്ക്രീനിങ് സെന്റര്‍റിലേക്കുള്ള 30 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ടാക്സിക്ക് 1500 നല്‍കേണ്ടിവന്നെന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും എംബിഎ വിദ്യാര്‍ഥിയുമായ ഷാമില്‍ പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ വലിയ തിരക്കുണ്ടായിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ സ്ക്രീനിങ് സെന്ററുകളില്‍ സാമൂഹ്യ അകലം അപ്രസക്താക്കുന്ന ജനക്കൂട്ടമായിരുന്നു. വൈകിട്ട് മൂന്നരയോടെ ബിസ്ക്കറ്റും ഫ്രൂട്ടിയും നല്‍കി. ജമ്മു കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥിയായ ഷാമില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ നോയിഡയില്‍ കുടുങ്ങുകയായിരുന്നു. കേരള സര്‍ക്കാരിനു വേണ്ടി കേരള ഹൗസും നോര്‍ക്കയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാനിംഗ് റോഡിലുള്ള കേരള സ്കൂളില്‍ സ്ക്രീനിംഗ് നടത്തി. കേരള സ്കൂളില്‍ എത്തിയവര്‍ക്ക് ജനസംസ്കൃതി, ഡല്‍ഹി മലയാളി അസോസിയേഷന്‍, ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ എന്നീ ഡല്‍ഹി–-മലയാളി സംഘടനകളും കേരള എഡ്യുക്കേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ഭക്ഷണം ഒരുക്കി. സ്ക്രീനിങ് സെന്ററുകളില്‍നിന്ന് യാത്രക്കാരെ ഡല്‍ഹി സര്‍ക്കാര്‍ ബസുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഒരു ദിവസത്തെ ഭക്ഷണം ക്രമീകരിച്ചു. യാത്രക്കാര്‍ കോവിഡ് ജാഗ്രതാ വെബ് പോര്‍ട്ടലില്‍ ഇ––പാസിനായി രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.