ന്യൂഡല്‍ഹി: ഡല്‍ഹി മാക്​സ്​ ആശുപത്രിയിലെ ഡോക്​ടര്‍മാരുള്‍​പ്പടെ 39 ജീവനക്കാരെ ക്വാറന്‍റീന്‍ ചെയ്​തു. ആശുപത്രിയിലെ രണ്ടു രോഗികള്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ അവരുമായി അടുത്തിടപഴകിയവരെയാണ്​ നിരീക്ഷണത്തിലാക്കിയത്​.

രണ്ടുദിവസം മുമ്ബാണ്​ ഹൃദ്രോഗ ചികിത്സക്കായി​ രണ്ടുപേ​രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക്​ കോവിഡ്​ ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ്​ ഡോക്​ടര്‍മാരെയും നഴ്​സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്​.

ക്വറന്‍റീനില്‍ പോയവര്‍ക്ക്​ രോഗ ലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്ബിളുകള്‍ പരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ ഡല്‍ഹി എയിംസില്‍ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്​ടര്‍മാരെയും ജീവനക്കാരെയും ക്വാറന്‍റീന്‍ ചെയ്​തിരുന്നു. ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന്​ കോവിഡ്​ ബാധ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഡല്‍ഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്​ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരത്തേ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു.