ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുകയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തും പുറത്തും തുടങ്ങുന്ന പ്രവാസികള്‍, അതിഥി സംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകള്‍ എന്നിവരെ സ്വന്തം നാട്ടില്‍ തിരികെയെത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

ഇന്ത്യക്കകത്ത് വിവിധയിടങ്ങളില്‍ കഴിയുന്നവര്‍ക്കായി നാട്ടിലെത്തുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേകം ആഭ്യന്തര വിമാന സര്‍വ്വീസ് നടത്താനാണ് തീരുമാനം. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് സര്‍വ്വീസ് നടത്തുന്നത്. മെയ് 19 മുതല്‍ അടുത്തമാസം രണ്ട് വരെയാണ് ആദ്യഘട്ട സര്‍വ്വീസ്.

കൊച്ചിയില്‍ നിന്നും 12 സര്‍വ്വീസുകള്‍ ഉണ്ടാവും. ഇതിന് പുറമേ ദില്ലിയില്‍ നിന്നും 173 സര്‍വ്വീസുകള്‍, മുംബൈയില്‍ നിന്നും 40 സര്‍വ്വീകള്‍, ഹൈദരാബാദ് 23 സര്‍വ്വീസ് എന്നിങ്ങനെയും ഉണ്ടാവും. ഇത് കൂടാതെ അഹമ്മദാബാദ്, ബംഗ്‌ളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചും സര്‍വ്വീസുകള്‍ ഉണ്ട്.

ദില്ലിയില്‍ നിന്നും കൊച്ചി, ജയ്പൂര്‍, ബെംഗ്‌ളൂരു, ഹൈദരാബാദ്, അമൃത്സര്‍, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക.

മുംബൈ നിന്ന് വിശാഖ പട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗ്‌ളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും കൊച്ചിയില്‍ നിന്നും ദില്ലി, ചെന്നൈ എന്നിവിടങ്ങളിലേക്കുമാണ് സര്‍വ്വീസ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാ ലുടന്‍ ഇതിനുള്ള നടപടികളാരംഭിക്കുമെന്ന് എയര്‍ ഇന്ത്യാ കേന്ദ്രങ്ങള്‍ അറിയിച്ചു.

വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായി റെയില്‍വേ സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു. അതേ മാതൃകയിലാണ് വിമാന സര്‍വ്വീസുകളും ആരംഭിക്കുന്നത്. വിമാനക്കൂലി യാത്രക്കാര്‍ നിര്‍വ്വഹിക്കണം.

വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നായാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലേക്കായി 149 വിമാന സര്‍വ്വീസുകളാണുണ്ടാവുക. കേരളത്തിലേക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നത്. 31 സര്‍വ്വീസുകളാണ്. എന്നാല്‍ ഇത് 43 ആയി ഉയര്‍ത്തിയേക്കാമെന്നാണ് വ്യേമയാന മന്ത്രാലയം നല്‍കുന്ന സൂചന.

64 വിമാന സര്‍വ്വീസുകളണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 42 സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യയും 24 സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസുമാണ് നടത്തുന്നത്.