വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് പണം തട്ടിയതില്‍ പങ്കില്ലെന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍. അത്യാവശ്യമായി വീട്ടില്‍ പോയ ദിവസം അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബിജുലാലിന് പാസ് വേര്‍ഡ് കൈമാറിയിരുന്നു. ബിജുലാല്‍ പാസ്‍വേര്‍ഡ് ദുരുപയോഗം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നിന്ന് വിരമിച്ച സബ്ട്രഷറി ഓഫീസര്‍ വി.ഭാസ്ക്കരന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ചായിരുന്നു ബിജുലാലിന്റെ തട്ടിപ്പ്. വര്‍ക്കലയില്‍ താമസിക്കുന്ന ഇദ്ദേഹത്തെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. തട്ടിപ്പിനെ കുറിച്ച്‌ അറിയില്ലെന്ന് പറഞ്ഞ ഭാസ്ക്കരന്‍, അത്യാവശ്യമായി വീട്ടില്‍ പോയ ദിവസം അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബിജുലാലിന് പാസ് വേര്‍ഡ് കൈമാറിയെന്ന് സമ്മതിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. ബിജുലാല്‍ തട്ടിയെടുത്ത 74 ലക്ഷം എവിടെയൊക്കെ ചിലവാക്കിയെന്നത് കണ്ടെത്തിയിട്ടുണ്ട്. സഹോദരി ബിന്ദുവിന്റെ മൊഴിയില്‍ നിന്ന് അഞ്ചര ലക്ഷം രൂപയാണ് സ്ഥലത്തിന്റെ അഡ്വാന്‍സ് ആയി നല്‍കിയതെന്ന് മനസ്സിലായി. ബിജുലാലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കുടുംബസ്വത്ത് വില്‍ക്കാന്‍ തയ്യാറായതെന്നാണ് സഹോദരി പറയുന്നത്.

ഭാര്യ സിമിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. റമ്മി കളിക്കുന്നത് അറിയാമായിരുന്നെങ്കിലും തട്ടിപ്പിനെ പറ്റി അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി. ബിജുലാലിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് വിജിലന്‍സിന് കൈമാറും. അതേ സമയം വകുപ്പ് തല അന്വേഷണം നടത്തിയ ധനകാര്യ സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ട്രഷറിയിലെ സോഫ്റ്റ് വെയറില്‍ നിരവധി പോരായ്മകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.