കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ, അമേരിക്കയിലെ ടെംബിൾ മൗണ്ട് ബാപ്റ്റിസ്റ്റ് ചർച്ചിൻ്റെ സീനിയർ പാസ്റ്റർ ആയ ക്ലാരൻസ് സെക്സ്റ്റെൺ എന്ന ശുശ്രൂഷകൻ്റെ, “പ്രാർത്ഥിക്കാം നമുക്ക് മറ്റൊരു ഉണർവ്വിനായ്” (pray for another revival) എന്ന അഞ്ചു മിനിട്ടു ദൈർഘ്യമുള്ള ഒരു പ്രസംഗമാണ്.

2017 ജനുവരി ഇരുപതാം തീയതി അമേരിക്കയുടെ നാൽപ്പത്തഞ്ചാം പ്രസിഡൻറായ ഡോണള്‍ഡ് ട്രംമ്പ് പതിവു തെറ്റിച്ച് രണ്ടു ബൈബിളുകളിൽ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിൽ ഒന്ന് 1861 ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞക്കായി ഉപയോഗിച്ച ബൈബിളായിരുന്നു. (പിന്നീട് ബറാക് ഒബാമയും അതേ ബൈബിൾ തിരഞ്ഞെടുത്തു.) എന്നാൽ ട്രംമ്പ് ഉപയോഗിച്ച രണ്ടാമത്തെ ബൈബിളിൻ്റെ ചരിത്രമാണ് ഇന്നു വൈറലായിരിക്കുന്നത്.ഇന്നു ഓവൽ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ആ ബൈബിൾ, തൻ്റെ മാതാവ് 1955 ജൂൺ 12 (65 വർഷങ്ങൾ ) തൻ്റെ ഒമ്പതാം ജന്മദിനത്തിനു രണ്ടു ദിനം മുമ്പു സമ്മാനിച്ചതാണ്.

Pastor Akilas Abraham

ആ ബൈബിളിൻ്റെ കഥ ആരംഭിക്കുന്നത് അങ്ങു സ്ക്കോട്ട്ലണ്ടിൽ നിന്നുമാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഹെബ്രിഡ്സ് റിവൈവൽ എന്ന ശക്തമായ ഉണർവ്വ് പൊട്ടിപ്പുറപ്പെട്ടു.ആ ഉണർവ്വിനു വേണ്ടി പ്രാർത്ഥിച്ച രണ്ടു വിധവകൾ, പെഗ്ഗിയും ക്രിസ്റ്റീനും പ്രായാധിക്യത്തിൻ്റെ ക്ലേശങ്ങളും രോഗങ്ങളും വകവയ്ക്കാതെ വർഷങ്ങൾ അവർ ഉപവസിച്ചു പ്രാർത്ഥിച്ചിരുന്നു. അങ്ങനയിരിക്കെ അവരുടെ തന്നെ ഒരു ബന്ധുവായ പതിനഞ്ചു വയസുകാരൻ ഡൊനാൾഡ് സ്മിത്തിനെ ദൈവം ശക്തമായ അഭിഷേകത്തിൽ നിറച്ചു. കുഞ്ഞു ബാലൻ്റെ പ്രസംഗങ്ങൾ കേൾക്കാൻ ജനം തടിച്ചുകൂടി.ആ മീറ്റിങ്ങുകളിൽ ആവേശത്തോടെ പങ്കു കൊണ്ട മേരീ ആൻ എന്ന യുവതി, തൻ്റെ പതിനെട്ടാം വയസിൽ അമേരിക്കയിലേക്കു കുടിയേറാൻ തീരുമാനിച്ചു.അമേരിക്കയിലേക്കു കപ്പൽയാത്ര തിരിച്ച മേരീ ആനിൻ്റെ കയ്യിൽ ആകെ അന്നുണ്ടായിരുന്നത് അമ്പതു ഡോളറും ഒരു ബൈബിളും മാത്രം.

ഇംഗ്ലീഷ് ഭാഷ, ഒട്ടും വശമില്ലാതിരുന്ന മേരി 1812 ൽ ന്യൂയോർക്ക് തുറമുഖത്തു കപ്പലിറങ്ങി. ചില ദിവസങ്ങൾക്കുള്ളിൽ ഏതോ ധനാഢ്യരുടെ വീട്ടിലെ അടുക്കളക്കാരിയായി ( House maid) ജോലി ലഭിച്ചു. എന്നാൽ 1936ൽ ഫ്രെസ് ട്രംമ്പ് എന്ന ധനാഢ്യനായ യുവാവിനെ വിവാഹം ചെയ്തതോടെ തൻ്റെ ജീവിതം മാറി മറിഞ്ഞു. എങ്കിലും തൻ്റെ അഞ്ചു കുഞ്ഞുങ്ങളേയും താൻ അംഗമായിരുന്ന ന്യൂയോർക്കിലെ Presbyterian Church ൻ്റെ സൺഡേ സ്ക്കൂളിൽ എല്ലാ ഞായറാഴ്ചയും അയക്കുന്നതിനു ഒട്ടും അയവു വരുത്തിയില്ല.

മേരീ ആൻ തൻ്റെ നാലാമത്തെ മകന് സ്ക്കോട്ട്ലണ്ടിൻ്റെ ഉണർവ്വിനു ദൈവം ഉപയോഗിച്ച ബാലനായ ഡൊനാൾഡിൻ്റെ പേരു നൽകിയതും ആ മകനു താൻ തൻ്റെ ഉണർവ്വിൻ്റെ ജന്മദേശത്തു നിന്നും കൊണ്ടുവന്ന ഏക ബൈബിൾ നൽകിയതു യാദൃശ്ചികമായിരിക്കാം. എന്നാൽ, അമേരിക്കൻ പ്രസിഡൻറ് പദവി ആ ഡൊണാൾഡിനെ തേടിയെത്തിയതു ദൈവത്താലാണെന്നു ഇവിടെയുള്ള ഒരു വലിയ കൂട്ടം ഇവാഞ്ചലിക്കൽസ് ഇന്നും വിശ്വസിക്കുന്നു.എന്നാൽ കോവിഡ് 19 എന്ന ആഗോള പകർച്ചവ്യാധിയുടെ വ്യാപനം ആ വിശ്വാസത്തെ തട്ടിത്തെറിപ്പിച്ചേക്കുമോ എന്നു വലതുപക്ഷ നേതാക്കൾ ഇത്തരുണത്തിൽ ആശങ്കപ്പെടുന്നു.കാരണം റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി വോട്ടേഴ്സ് ആയ അറുപതു വയസ്സിനു മുകളിലുള്ള അമേരിക്കൻ പൗരന്മാരെ കോവിഡ് 19 അത്ര അധികം കടന്നാക്രമിച്ചിരിക്കുന്നു.

  • പാസ്റ്റര്‍ അക്കിലാസ് എബ്രഹാം