ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ നിന്ന് ഇന്ത്യൻ താരം പ്രവീൺ ജാദവ് പുറത്ത്. പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ ബ്രാഡി എൽസനോട് പരാജയപ്പെട്ടാണ് പ്രവീൺ ജാദവ് പുറത്തായത്. സ്കോർ 6-0. ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഗാൽസൻ ബസർഷപോവിനെ കീഴടക്കിയാണ് പ്രവീൺ ജാദവ് പ്രീക്വാർട്ടറിലെത്തിയത്. 6-0 ആയിരുന്നു സ്കോർ. (Olympics Pravin Jadhav archery)
നേരത്തെ നടന്ന മറ്റൊരു അമ്പെയ്ത്ത് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്കും പരാജയം നേരിട്ടു. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തിൽ ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്കോറിനാണ് തരുൺദീപിൻ്റെ തോൽവി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാനം വരെ പോരടിച്ചാണ് തരുൺദീപ് പുറത്തായത്. ആദ്യ റൗണ്ട് 24-28നു നഷ്ടപ്പെടുത്തിയ തരുൺദീപ് അടുത്ത റൗണ്ടിൽ 27-26നു ജയിച്ചു. മൂന്നാം റൗണ്ട് 27-27 എന്ന നിലയിൽ സമനില ആയി. അടുത്ത റൗണ്ടിൽ 28-27 എന്ന സ്കോറിന് തരുൺദീപ് ജയം കുറിച്ചു. 27-28 എന്ന സ്കോറിന് ഇറ്റലി ഷാനി അഞ്ചാം റൗണ്ട് പിടിച്ചു. ഇതോടെ കളി ഷൂട്ട് ഓഫിലേക്ക് നീങ്ങി. ഷൂട്ട് ഓഫിൽ 10-9 എന്ന സ്കോറിന് ഷാനി വിജയിക്കുകയായിരുന്നു.
അതേസമയം, ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജപ്പെട്ടു. പൂൾ എയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. ഹന്ന മാർട്ടിൻ ഇരട്ട ഗോൾ നേടിയപ്പോൾ ഷോന മക്കാലിൻ, ഗ്രേസ് ബാൾഡ്സൺ എന്നിവരും ബ്രിട്ടണു വേണ്ടി സ്കോർ ചെയ്തു. പെനൽറ്റി കോർണറിൽ നിന്ന് ഷർമിള ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്.
ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാർട്ടറിൽ കടന്നു. ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.