തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട്.കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലിന്റെ ബാര്‍ തുറന്നപ്പോള്‍ കോട്ടയത്ത് ടോക്കണില്ലാതെയും മദ്യം വില്‍ക്കുകയായിരുന്നു.

കോട്ടയം നഗരത്തിലെ ബാറിലാണ് അനധികൃത മദ്യ വില്‍പ്പന. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേരാണ് മദ്യത്തിനായി ക്യൂനിന്നത്. വാര്‍ത്ത പുറത്തുവന്നതോടെ എക്സൈസ് സംഘം ബാറിലെത്തി വില്‍പ്പന നിറുത്തിയശേഷം സ്റ്റോക്കുകള്‍ പരിശോധിച്ചു.

കണ്ണൂരിലാണ് ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലില്‍ ബാര്‍ തുറന്നത്.ജില്ലാ കളക്ടര്‍ ബാര്‍ തുറക്കാന്‍ അനുവാദം നല്‍കിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാര്‍ശ പ്രകാരം ശാരീരിക അകലം പാലിച്ചുകൊണ്ടാണ് മദ്യം വിതരണം ചെയ്യുന്നതെന്ന് ജില്ലാ കളക്ടര്‍ ടിവി സുഭാഷ് പറയുന്നത്.