ടെസ്റ്റുകള്‍ നടത്താതെ രോഗ വ്യാപനം മറച്ചുവയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. 1200 ലധികം പേരാണ് കൊവിഡ് ബാധിതരായി കേരളത്തില്‍ ഇതുവരെ മരിച്ചത്. ഒരു ലക്ഷത്തോളം പേര് ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് കേരളം ഒന്നാമതായി. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങള്‍ ലഭിക്കുന്നുമില്ല. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരളത്തില്‍ നടക്കുന്ന കൊവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ്. കൃത്യമായും സമയബന്ധിതമായും കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലെ അപര്യാപ്തത ഇവിടെ വ്യക്തമാണ്. ആവശ്യമായ ചികിത്സ നല്‍കുന്നതിനും ക്ലിനിക്കല്‍ ഇടപെടലുകള്‍ നടത്തുന്നതിനും സമയം ലഭിക്കാതെ പോകുന്നു എന്നതാണ് രോഗികളെ മരണത്തിലേക്ക് തള്ളി വിടുന്നത്. കൊവിഡ് ബാധിച്ചത് മൂലമുള്ള ആത്മഹത്യ, കൊവിഡ് ബാധിതരുടെ അപകട മരണങ്ങള് ഇവയെല്ലാം ഒഴിവാക്കിയാലുംകൃത്യമായ കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലെ കൊവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.