ന്യൂഡല്‍ഹി: തീവണ്ടികളുടെ സമയക്രമം പുറത്ത് വിട്ട് റെയില്‍വേ. മെയ് 13നാണ് ഡല്‍ഹി – തിരുവനന്തപുരം തീവണ്ടി പുറപ്പെടുക. രാവിലെ 11.25-നാണ് ഡല്‍ഹിയില്‍ നിന്ന് തീവണ്ടി പുറപ്പെടുക. വെള്ളിയാഴ്ച പുലര്‍ച്ചെ 5.25-ന് തീവണ്ടി തിരുവന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന തീവണ്ടിയാകട്ടെ 15-ാം തീയതി രാത്രി 19.45-നാണ് പുറപ്പെടുക. 17-ാം തീയതി ഉച്ചയ്ക്ക് 12.40-ന് ഡല്‍ഹിയില്‍ എത്തും.
ആറ്മണിക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്നറിയിച്ചെങ്കിലും സാങ്കേതിക തടസ്സം ഒഴിവാക്കി ആറേകാലോടെയാണ് ബുക്കിങ് ആരംഭിക്കാനായത്.
ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ലെന്ന് റെയില്‍വേ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐആര്‍സിടിസി വഴിഓണ്‍ലൈനായി മാത്രമാണ് ബുക്കിംഗ്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം അടക്കം 15 പ്രധാന നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.
ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വെ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ 15 പ്രത്യേക തീവണ്ടികളാവും ഓടുക. എല്ലാ തീവണ്ടികളും ഡല്‍ഹിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക സര്‍വ്വീസും ഉണ്ടാകും. മാസ്‌ക് ഉള്ളവരെയും രോഗലക്ഷണം ഇല്ലാത്തവരെ മാത്രം ട്രെയിനുകളില്‍ കയറ്റാനാണ് തീരുമാനം. കണ്‍ഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കില്ല.
ഹൗറ, രാജേന്ദ്രനഗര്‍, ദിബ്രുഗഡ്, ജമ്മുതാവി, ബിലാസ്പുര്‍, റാഞ്ചി, മുംബൈ, അഹമ്മദാബാദ്, അഗര്‍ത്തല, ഭുവനേശ്വര്‍, മഡ്ഗാവ്, സെക്കന്തരബാദ് എന്നിവടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിനുകളുണ്ട്.
രാജധാനി നിരക്കായിരിക്കും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഈടാക്കുക എന്നാണ് സൂചന. തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഡല്‍ഹി – തിരുവനന്തപുരം ട്രെയിനിന് കേരളത്തില്‍ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉണ്ടാവുക. എറണാകുളം ജംഗ്ഷനിലും കോഴിക്കോടും തിരുവനന്തപുരത്തും മാത്രമായിരിക്കും സ്റ്റോപ്പുകള്‍ ഉണ്ടാവുക. മംഗളൂരുവിലും ട്രെയിന് സ്റ്റോപ്പ് ഉണ്ടാകും. ഇതിന് പുറമേ, മഡ്ഗാവ്, പന്‍വേല്‍, വഡോദര എന്നിവിടങ്ങളിലും തീവണ്ടി നിര്‍ത്തും.
ഒരു ദിവസം 300 ട്രെയിനുകള്‍ വരെ ഓടിച്ച് അതിഥി തൊഴിലാളികളെ എല്ലാം അവരുടെ സംസ്ഥാനങ്ങളില്‍ മടക്കി എത്തിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.