മമ്മൂട്ടി- ജോയ് മാത്യു കൂട്ടുകെട്ടില്‍ 2018-ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു അങ്കിള്‍. ഇപ്പോഴിതാ സിനിമയിലേക്ക് മമ്മൂട്ടി എത്തിയതിനെ കുറിച്ച്‌ കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോയ് മാത്യു മനസ്സ് തുറന്നിരിക്കുകയാണ്.

ജോയ് മാത്യുവിന്റെ വാക്കുകള്‍

പുത്തന്‍പണത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ രഞ്ജിത്താണ് മമ്മൂക്കയുടെ അടുത്ത് ഈ തിരക്കഥയുടെ കാര്യം പറയുന്നത് ഇവന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതുന്നുണ്ട് വേറെ ആര്‍ക്കോ വേണ്ടിയെന്ന്. അപ്പോ മമ്മൂക്ക ചോദിച്ചു എന്താടോ നമുക്കൊന്നും ചാന്‍സൊന്നും ഇല്ലെ എന്ന്.

അപ്പോ ഞാന്‍ പറഞ്ഞു നിങ്ങളെയൊന്നും കൊണ്ടുവരാനുളള സാമ്ബത്തിക സ്ഥിതി ഞങ്ങള്‍ക്കില്ല. ഇതൊരു ചെറിയ സിനിമയാണ്. അപ്പോ അദ്ദേഹം പറഞ്ഞു കഥ കേള്‍ക്കട്ടെ. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് കഥ പറഞ്ഞു.

കഥ കേട്ട് രഞ്ജിത്തിനോട് മമ്മൂക്ക പറഞ്ഞു. അവനോട് പറഞ്ഞേക്ക് ആ കഥാപാത്രം ഞാന്‍ ചെയ്യുമെന്ന്. അപ്പോ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക, നമുക്ക് നിങ്ങളെ വേണ്ട. കാരണം പൈസയില്ലാ എന്ന്, അപ്പോ പറഞ്ഞു നിന്നോട് ഞാന്‍ പൈസ ചോദിച്ചിട്ടില്ലല്ലോ.

അങ്ങനെ ഞങ്ങള് അഡ്വാന്‍സുമായി ലൊക്കേഷനില് പോയി. എന്റെ ഭാര്യ ആയിരുന്നു അതിന്‌റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അവളുടെ അടുത്താണ് കുറച്ച്‌ പൈസയുളളത്. അപ്പോ അവളോട് കൊടുക്കാന്‍ പറഞ്ഞപ്പോ മമ്മൂക്ക പറഞ്ഞു. ഇയാള് ഒരു തിരക്കഥ എഴുതി കുറെ നാളായി നടക്കുന്നു. ഇയാള്‍ക്ക് എന്തെങ്കിലും കൊടുക്കെന്ന്, എനിക്ക് പൈസയൊന്നും വേണ്ടാന്ന് പറഞ്ഞു.