തിരുവനന്തപുരം: ”ഇക്കാലമത്രെയും ഞാന്‍ ഒന്നുമല്ലാതിരുന്നിട്ടും, ഇതുവരെ എന്റെ കൈപിടിച്ച് കാടുകളും കൊടുമുടികളും കടത്തി, രാവുകളും കടവുകളും കടത്തി, കൊടുങ്കാറ്റുകളില്‍ വീഴാതെ, പ്രളയത്തില്‍ മുങ്ങാതെ, എത്തിച്ചവര്‍ക്കെല്ലാം നന്ദി…ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ച് ലോകം അതിന്റെ പൂര്‍ണ്ണതയില്‍ മടങ്ങിവരുമ്ബോള്‍ നമുക്ക് കാണാം….” അറുപതാം പിറന്നാള്‍ ദിനത്തില്‍ എല്ലാവര്‍ക്കും നന്ദിപറഞ്ഞ് മോഹന്‍ലാല്‍.
”അറുപതാം പിറന്നാള്‍ ദിനത്തില്‍ തിരിഞ്ഞു നോക്കുമ്ബോള്‍ വിശ്വസിക്കാനാകുന്നില്ല. എത്ര ദൂരം! എത്രമാത്രം അധ്വാനം! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങള്‍, കൂട്ടായ്മയുടെ വിജയങ്ങള്‍. ആരൊക്കെയോ ചൊരിഞ്ഞ സ്‌നേഹം, ആരുടെയൊക്കയോ കരുതലുകള്‍! തിരിഞ്ഞു നോക്കുമ്ബോള്‍ എന്റെ ശിരസ് കുനിഞ്ഞു പോകുന്നു. നന്ദിയോടെ, എന്റെ കണ്ണുകള്‍ നനഞ്ഞു പോകുന്നു…കടപ്പാടോടെ…”
ഷഷ്ടിപൂര്‍ത്തി ദിനത്തിലെഴുതിയ ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിച്ചതിങ്ങനെ. കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന് ലാല്‍. എന്നിട്ടും ഇങ്ങനെയൊക്കെയായി. വേളൂര്‍കൃഷ്ണന്‍കുട്ടിയെഴുതിയ സ്‌കൂള്‍ നാടകത്തില്‍ ആദ്യമായി അഭിനയിച്ചതും തിരനോട്ടം എന്ന സിനിമയുടെ ഭാഗമായതും പിന്നീട് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലേക്കെത്തിയതുമെല്ലാം മോഹന്‍ലാല്‍ ഓര്‍ക്കുന്നു. ഇവിടെയെല്ലാം എത്തിച്ചത് സുഹൃത്തുക്കളാണ്.
”മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഞാന്‍ അഭിനയിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. നായകനാകാനുള്ള സൗന്ദര്യം അന്നും ഇന്നും എനിക്കില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ ഞാന്‍ അമ്ബരന്നു പോകുന്നു. എന്തൊരു ഓട്ടമായിരുന്നു. സിനിമകള്‍ക്ക് പിന്നാലെ സിനിമകള്‍ വന്നു. കഥാപാത്രങ്ങള്‍ക്ക് പിറകെ കഥാപാത്രങ്ങളെത്തി. കൊടുങ്കാറ്റില്‍ പെട്ട കരിയില പോലെ ഞാന്‍ ഉഴറിപ്പറക്കുകയായിരുന്നു. എന്റെ ചിറകുകളായിരുന്നില്ല എന്നെ പറപ്പിച്ചത്. മറിച്ച് കൊടുങ്കാറ്റിന്റെ ശക്തിയായിരുന്നു. നിലത്തു വീഴാതിരിക്കാന്‍ ഞാന്‍ പറന്ന് പറന്ന് പഠിക്കുകയായിരുന്നു. ഒരു മഹാനദിയുടെ അടിത്തട്ടിലൂടെ ഒഴുകി വരുന്ന എല്ലിന്‍ കഷണം പോലെയായിരുന്നു ഞാന്‍. നദിയുടെ വേഗത്തിനും താളത്തിനും അനുസരിച്ച് ഞാന്‍ നിന്നു കൊടുത്തു. വെള്ളത്തിന്റെ ശക്തി കല്ലിനെയെന്ന പോലെ കഥാപാത്രങ്ങളുടെ ശക്തി എന്നെ രൂപപ്പെടുത്തി. ഏതൊക്കയോ വേഷങ്ങള്‍ ഞാന്‍ കെട്ടിയാടി. ഇന്ന് അവയെല്ലാം കാണുമ്ബോള്‍ അതേത് സിനിമയിലേതാണെന്നുകൂടി എനിക്ക് മനസ്സിലാകുന്നില്ല. ഏതോ ഒരു ശക്തി എന്നെക്കൊണ്ട് അതെല്ലാം ചെയ്യിക്കുകയായിരുന്നു…”
പ്രതിഭാശാലികളായ എഴുത്തുകാരുടെയും സംവിധായകരുടെയും കൂടെ പ്രവര്‍ത്തിക്കാനായതാണ് തന്റെ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പറയുന്നു. അവരാണ് ചമയമണിയിച്ചത്. അവരാണ് എന്നിലെ സാധ്യതകളെ പുറത്തെടുത്തത്. അവരുടെ സ്പര്‍ശം ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഇന്നും ഒരു കാട്ടുശിലയായി അവശേഷിച്ചേനെ.
”ഞാനിപ്പോള്‍ ഒരു നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്. അറുപതു വയസ്സ് ജീവിതത്തിന്റെ പാതിയെന്നാണ് സങ്കല്പം. ഇതുവരെ നടന്നെത്തിയ വഴികളിലേക്ക് നിസ്സംഗമായി നോക്കി നില്‍ക്കുകയാണ്. ഞാന്‍ യാത്ര തുടരാന്‍ ഒരുങ്ങുന്നു. എല്ലാ ദിശകളിലേക്കും പച്ചവെളിച്ചമാണ് കത്തുന്നത്. എന്റെ തുടര്‍യാത്രയുടെ വേഷം, അതിന്റെ ഭാവം, അതിന്റെ ശബ്ദം, ചുവടുകള്‍, നിറങ്ങള്‍…അവയെല്ലാം വ്യക്തമായി എന്റെ മനസ്സില്‍ രൂപപ്പെടുകയാണ്. ലോകം അതിന്റെ പൂര്‍ണ്ണതയില്‍ തിരികെ വരിക തന്നെ ചെയ്യും. അപ്പോള്‍ നമുക്കു വീണ്ടും കാണാം…” പിറന്നാള്‍ ദിനത്തില്‍, വടിവൊത്ത കയ്യക്ഷരത്തിലെ ബ്ലോഗെഴുത്ത് ലാല്‍ അവസാനിപ്പിക്കുന്നു.