വാഷിംഗ്ടണ്‍: പോലീസ് അതിക്രമത്തില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മിനിയപൊളിസില്‍ തുടക്കമിട്ട പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രതിഷേധത്തിന് തടയിടാന്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ച് നാലാംദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങി.
വൈറ്റ് ഹൗസിനു മുന്നിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പലയിടത്തും റോഡുകള്‍ ഉപരോധിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍വാതകവും മറ്റും ഉപയോഗിക്കേണ്ടിവന്നു.
മിനിയപൊളിസിലും ഇരട്ട നഗരമായ സെന്റ് പോളിലും കര്‍ഫ്യൂ ലംഘിച്ചാണ് ആളുകള്‍ പ്രതിഷേധം തുടര്‍ന്നത്. ജോര്‍ജിന്റെ ചിത്രവും എനിക്ക് ശ്വസിക്കാനാവില്ലെന്ന ജോര്‍ജിന്റെ അവസാന വാക്കുകളുമൊക്കെ പതിച്ച പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തിയായിരുന്നു പ്രതിഷേധം.
മിനിയപൊളിസിനൊപ്പം അറ്റ്ലാന്റ, പോര്‍ട്ട്ലാന്‍ഡ്, ഒറിഗണ്‍, ഡാളസ്, ഫീനിക്സ്, ഇന്ത്യാനപൊളിസ്, ഡെന്‍വര്‍, ബ്രൂക്ക്ലിന്‍, ലോസ് ഏഞ്ചല്‍സ്, ഓക്ലന്‍ഡ് എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായി. പലയിടത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. റോഡുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ ഉപരോധിച്ചതോടെ പൊലീസിന് കണ്ണീര്‍വാതകവും ജല പീരങ്കികളുമൊക്കെ ഉപയോഗിക്കേണ്ടിവന്നു.