സഭയ്ക്കും ലോകത്തിനും ലഭിച്ച അപൂര്‍വ സമ്മാനമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ ഭൗമിക തീര്‍ത്ഥാടനം ജീവനോടുള്ള തീക്ഷ്ണതയും ദൈവികരഹസ്യത്തോടും ലോകത്തോടും മനുഷ്യനോടുമുള്ള അഭിനിവേശവും കൊണ്ടു മുദ്രിതമായിരുന്നു. കാരുണ്യത്തിനു വലിയ ഊന്നലേകിയ പാപ്പായായിരുന്നു അദ്ദേഹം. വി. ഫൗസ്തീനയെ വിശുദ്ധയാക്കിയതും ദൈവികകരുണയുടെ ഞായറാചരണം 2000 ല്‍ ആരംഭിച്ചതും അദ്ദേഹമായിരുന്നു – ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍റെ മാതൃരൂപതയായ ക്രാക്കോവിലെ യുവജനങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തിലാണു മാര്‍പാപ്പയുടെ ഈ പരാമര്‍ശങ്ങള്‍.
ജോണ്‍ പോള്‍ രണ്ടാമന്‍റെ ജീവിതത്തെ പഠിക്കാനും മാതൃകയാക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു. കുടുംബത്തോടുള്ള സ്നേഹവും കരുതലുമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍റെ സ്വഭാവസവിശേഷത. കുടുംബങ്ങള്‍ ഇന്നു നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും വെല്ലുവിളികള്‍ക്കുമുള്ള മൂര്‍ത്തമായ പരിഹാരങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളിലുണ്ട്. കുടുംബത്തിലെ പ്രതിസന്ധികള്‍ വിശുദ്ധിക്കോ സന്തോഷത്തിനോ തടസ്സങ്ങളാകേണ്ടതില്ല. 20 വയസ്സായപ്പോഴേയ്ക്കും അമ്മയേയും പിതാവിനേയും സഹോദരനേയും നഷ്ടപ്പെടുകയും നാസി ക്രൂരതകള്‍ അനുഭവിക്കുകയും ചെയ്തയാളാണ് അദ്ദേഹം. എന്നാല്‍ പിന്നീടദ്ദേഹം പുരോഹിതനും മെത്രാനുമാകുകയും നിരീശ്വരവാദ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെ അഭിമുഖീകരിക്കുകയും ചെയ്തു. പ്രതിസന്ധികള്‍ നമ്മുടെ പക്വതയുടെയും വിശ്വാസത്തിന്‍റെയും പരീക്ഷണങ്ങളാണ്. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ടു മാത്രമേ ഈ പരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയുകയുള്ളൂ – ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു.