ജെറുസേലം: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട യേശുവിനെ അടക്കം ചെയ്ത ജറുസലേമിലെ തിരുക്കല്ലറ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നതു വീണ്ടും അനിശ്ചിതമായി നീട്ടി. കര്‍ശനമായ മുന്നൊരുക്കങ്ങളോടെയും ഉപാധികളോടെയും ഇക്കഴിഞ്ഞ ഞായറാഴ്ച ദേവാലയം തുറക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരിന്നു. എന്നാല്‍ സാമൂഹിക അകലത്തിന് വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ വേണ്ട രീതിയില്‍ പാലിക്കപ്പെടാതെ പോകുമോയെന്ന ആശങ്കയില്‍ ഉത്തരവ് പിന്‍വലിക്കുകയായിരിന്നു. തുടക്കത്തില്‍ അന്‍പത് പേര്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ ശുപാര്‍ശയുണ്ടായിരിന്നു. സന്ദര്‍ശകര്‍ തമ്മില്ലുള്ള അകലം കുറഞ്ഞത് രണ്ട് മീറ്റര്‍ എങ്കിലും ഉണ്ടായിരിക്കണം, തിരുക്കല്ലറയെയോ മറ്റ് വിശുദ്ധ വസ്തുക്കളെയോ സ്പര്‍ശിക്കാന്‍ പാടില്ല തുടങ്ങീ നിരവധി നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മാര്‍ച്ച് 25നാണ് ദേവാലയം അടച്ചിട്ടത്. ചുരുങ്ങിയ സമയത്തേക്ക് ദേവാലയം അടച്ചിടാനായിരുന്നു തുടക്കത്തില്‍ തീരുമാനമെങ്കിലും കൊറോണ പ്രതിസന്ധി വ്യാപകമായതിനെ തുടര്‍ന്നു ദേവാലയം അടഞ്ഞു കിടക്കുകയായിരുന്നു. ഇത് ഇനിയും അനിശ്ചിതമായി നീളുമെന്നാണ് സൂചന. പുരാതന റോമന്‍ നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് തിരുകല്ലറ ദേവാലയം പണികഴിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തിലും, 1003-ലെ ഫാറ്റിമിഡ്സ് ആക്രമണത്തിലും ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് പുനര്‍നിര്‍മ്മിച്ചത്. ദശലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ഈ പുണ്യ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്താറുള്ളത്.