അമേരിക്കയില്‍ നടക്കാനിരിക്കുന്ന ജി-7 ഉച്ചകോടിയില്‍ ഹോങ്കോംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള നയം ജപ്പാന്‍ മുന്നോട്ട് വയ്ക്കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ചൈനയുടെ ഏകാധിപത്യ പ്രവണതക്കെതിരായ നിലപാടാണ് ജപ്പാന്‍ എടുത്തിരിക്കുന്നതെന്നും ഹോങ്കോഗിന് അന്താരാഷ്ട്രതലത്തിലുള്ള സ്വാധീനം ഇല്ലാതാക്കാനാകില്ലെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു,

“ഒരു രാജ്യം രണ്ടു സംവിധാനം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോങ്കോംഗിന് സമ്ബൂര്‍ണ്ണ സ്വതന്ത്ര്യമാണ് ആവശ്യം. ചൈനയുടെ കീഴിലായിരിക്കുമ്ബോള്‍ സ്വയംഭരണത്തിലാണ് ഹോങ്കോംഗ്. അവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്‌.” – ആബെ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ, അമേരിക്കയോടും ബ്രിട്ടനോടും ചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ നിന്നും ജപ്പാന്‍ പിന്മാറി. ചൈനയുടെ ദേശീയ ചിഹ്നങ്ങളെ അവമതിക്കുന്ന ഒരു നടപടിയും ഹോങ്കോംഗില്‍ അനുവദിക്കില്ലെന്നും കുറ്റവാളികളെ ചൈനയുടെ നിയമമനുസരിച്ച്‌ ശിക്ഷിക്കണമെന്നുമുള്ള നിലപാടില്‍ ബീജിംഗ് ഉറച്ചു നില്‍ക്കുകയാണ്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അനാവശ്യമായ അന്താരാഷ്ട്ര ഇടപെടലാണെന്നും ഹോങ്കോംഗിലെ ഒരു രാജ്യം രണ്ട് സംവിധാനം എന്നത് എല്ലാ രാജ്യങ്ങളും അംഗീകരിക്കണമെന്നും ചൈന വീണ്ടും ആവശ്യപ്പെട്ടു.