തിരുവനന്തപുരം: ജില്ല പൊലീസ് മേധാവികള്‍ക്ക് പരീക്ഷയുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമം സംബന്ധിച്ച് 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. പരീക്ഷയില്‍ തോല്‍ക്കുന്നവര്‍ക്ക് 15 ദിവസത്തെ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്.
ഇൗമാസം 18ന് വൈകീട്ട് 3.30ന് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇൗ വിഷയത്തില്‍ ജില്ല പൊലീസ് മേധാവികള്‍, ഇൗ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടിട്ടുള്ള ഡിവൈ.എസ്.പിമാര്‍ എന്നിവരുമായി ഡി.ജി.പി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്.
പോക്സോ കേസുകളുടെ അന്വേഷണം, വിചാരണ ഉള്‍പ്പെടെയുള്ള കാര്യങ്ങളെകുറിച്ചാണ് വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യുക. ഇൗ വിഡിയോ കോണ്‍ഫറന്‍സിലാണ് ജില്ല പൊലീസ് മേധാവികളുടെ പോക്സോ നിയമവുമായി ബന്ധപ്പെട്ട പരിജ്ഞാനം അറിയാന്‍ പരീക്ഷ നടത്തുന്നത്.
പോക്സോയുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങളാണ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്രൈം ബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്താണ് ചോദ്യങ്ങള്‍ തയാറാക്കുന്നത്. ഇൗ ചോദ്യങ്ങള്‍ ജില്ല പൊലീസ് മേധാവികളുടെ വാട്സ്ആപ്പിലേക്ക് അയക്കുമെന്നും അതിന് ഉത്തരം നല്‍കണമെന്നുമാണ് നിര്‍ദേശം.
ഉത്തരങ്ങള്‍ ശരിയായി നല്കുന്നതില് പരാജയപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ട്രെയിനിങ് കോളജില്‍ 15 ദിവസത്തെ പരിശീലനം നല്‍കും. ഇതിന് പുറമെ വനിതാ ഉദ്യോഗസ്ഥരെ പോക്സോ കേസുകളുടെ അന്വേഷണത്തിന് ഉപയോഗിക്കുന്ന കാര്യം സംബന്ധിച്ചും വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.
അതേസമയം, പരീക്ഷയോട് അനുഭാവ മനോഭാവമല്ല ജില്ല പൊലീസ് മേധാവികള്‍ക്കുള്ളത്. ഇത്രയും പ്രയാസത്തില്‍പ്പെട്ട് തങ്ങള്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇതിനിടെ പോക്സോ നിയമത്തിെന്റ പേരില്‍ പരീക്ഷ നടത്താനുള്ള നടപടി നീതീകരിക്കാനാകില്ലെന്നുമാണ് ഇവരുടെ അഭിപ്രായം. തോറ്റാല്‍ പരിശീലനത്തിനയക്കുമെന്ന മുന്നറിയിപ്പ് തങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്നും ഇവര്‍ പറയുന്നു.