കൊച്ചി: ജയസൂര്യ നായകനായ സൂഫിയും സുജാതയും ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. സിനിമാ വ്യവസായ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്ബോള്‍ ഇത്തരത്തിലുള്ള നീക്കം ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പുതുമുഖ നിര്‍മ്മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെങ്കില്‍ മനസിലാക്കാനാകൂം. എന്നാല്‍ വലിയ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവും നടനും നടത്തിയ നീക്കം അംഗീകരിക്കാനാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു.
ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
സിനിമ തീയറ്ററില്‍ കളിച്ചാലേ അയാള്‍ സിനിമാ നടനാകൂ. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വരുമ്ബോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കണ്ടേ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ കളിപ്പിക്കില്ലെന്ന തീരുമാനമാണ് ഞങ്ങള്‍ കൈക്കൊള്ളുന്നത്- ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.