ജയലളിതയായി കങ്കണ റണൗട്ട് അഭിനിയിക്കുന്ന തലൈവിയിലെ പുതിയ ചിത്രങ്ങൾ പുറത്ത്. ബ്ലാക്ക് ആൻഡ് വൈറ്റായി എടുത്തിരിക്കുന്ന ഫോട്ടോകൾ വൈറലായിരിക്കുകയാണ്. കങ്കണയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
‘ജയ മായുടെ അനുഗ്രഹത്താൽ തലൈവി-ദ റെവല്യൂഷണറി ലീഡർ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി. കൊവിഡിന് ശേഷം പല കാര്യങ്ങളും വ്യത്യസ്തമായെങ്കിലും ആക്ഷനും കട്ടിനും ഇടയിൽ മാറ്റങ്ങൾ ഒന്നും ഇല്ല.’ എന്നും ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച ശേഷമുള്ള ജയലളിതയുടെ കാലഘട്ടമാണ് ഫോട്ടോയില്‍ കാണിച്ചിരിക്കുന്നത്.
പ്രോസ്തെറ്റിക് മേക്കപ്പിലൂടെ ജയയായി എത്തിയ കങ്കണയുടെ ആദ്യ ലുക്കിന് എതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിരുന്നത്. സിനിമയ്ക്ക് വേണ്ടി പത്ത് കിലോ താരം വർധിപ്പിച്ചിരുന്നു. പിന്നീട് വന്ന ചിത്രത്തിൽ താരത്തിന്റെ ലുക്കിന് ജയലളിതയുമായുള്ള സാമ്യം ചർച്ച ചെയ്യപ്പെട്ടു.
ചിത്രം സംവിധാനം ചെയ്യുന്നത് എ എൽ വിജയ് ആണ്. ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജി വി പ്രകാശാണ്. മദൻ കർകിയാണ് സംഗീത സംവിധാനം. ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ സ്വാമിയാണ്. താരത്തിന്റെ സിനിമയിലെ ഫസ്റ്റ് ലുക്ക് വളരെയധികം പ്രശംസ നേടിയിരുന്നു. വൈബ്രി, കർമ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ സിനിമ നിർമിക്കുന്നു.