ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.
കുപ്വാരയിലെ മാചിൽ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് വെടിനിർത്തൽ കരാർലംഘനം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ പാക് സൈന്യം ജനവാസ മേഖല ലക്ഷ്യമിട്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതയിലാണ് സൈനികർ.