ബെയ്‌ജിങ്ങ് : കൊറോണ വൈറസിന്റെ രണ്ടാം വരവിനെ അഭിമുഖീകരിക്കുകയാണ് ചൈനയുള്‍പ്പെടെ ചില രാജ്യങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ വന്നതോടെ വലിയ ആഘോഷങ്ങളിലായിരുന്നു രാജ്യത്തെ ജനനേതാക്കള്‍. രോഗവ്യാപനം നിയന്ത്രണത്തിലായെന്നും ഇനി ഭയപ്പെടാനില്ലെന്നും ഇവരില്‍ ചിലര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ പുതിയ കൊവിഡ് പരിശോധനാഫലങ്ങള്‍ വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് ചൈനയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും കൊവിഡ് 19ന്റെ ഉത്ഭവകേന്ദ്രമായ ഹുബേ പ്രവിശ്യയില്‍ നിന്നും വുഹാന്‍ പട്ടണത്തില്‍ നിന്നുമുള്ളവരാണ്.

39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇവരില്‍ 36 പേരും ലക്ഷണങ്ങളില്ലാതിരുന്നവരാണ്. ലക്ഷണമില്ലാത്ത രോഗികള്‍ രോഗവ്യാപനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് നേരത്തേ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ കാര്യമായ നിബന്ധനകളോ ക്വറന്റൈനില്‍ പോകാനോ നിര്‍ദ്ദേശിച്ചിരുന്നില്ല. എന്നാല്‍ കോവിഡിന്റെ രണ്ടാം വരവിലും ചൈന ജാഗ്രത പാലിക്കേണ്ടതുണ്ടായിരുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.