ബീജിങ്/ കാബൂള്‍: മേഖലയില്‍ പുതിയ സഖ്യസാധ്യതകള്‍ തേടി താലിബാന്. അമേരിക്ക സമ്ബൂര്‍ണ പിന്മാറ്റം പ്രഖ്യാപിച്ചതോടെ അഫ്ഗാനില്‍ സ്വാധീനം ശക്തിപ്പെടുത്തുന്ന താലിബാന് അയല്‍ രാജ്യങ്ങളുമായി സൗഹൃദത്തിന് ശ്രമിക്കുന്നു. നേരത്തെ റഷ്യയുമായി ചര്‍ച്ച നടത്തിയ താലിബാന് നേതാക്കള്‍ ഇപ്പോള്‍ ചൈനയിലാണ്. അഫ്ഗാന്റെ പുനരുദ്ധാരണത്തിന് ചൈനയുടെ സഹായം തേടുക എന്ന ലക്ഷ്യത്തോടെയാണ് 9 താലിബാന് നേതാക്കള്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തിയത്.
ചൈനയും പാകിസ്താനും താലിബാനൊപ്പമാണ് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഈ നീക്കം ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ചൈനയും പാകിസ്താനും താലിബാനൊപ്പം ചേരുമ്ബോള്‍ ഇന്ത്യയ്ക്ക് അഫ്ഗാനിലുള്ള സ്വാധീനം നഷ്ടമാകുമോ എന്നാണ് ആശങ്ക. ഒട്ടേറെ വ്യാപാര പഥങ്ങള്‍ അഫ്ഗാന് വഴി ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഈ വേളയിലാണ് ചൈന താലിബാനുമായി അടുക്കുന്നത്. അഫ്ഗാന്റെ മണ്ണില്‍ ചൈനക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആരെയും ആനുവദിക്കില്ലെന്ന് താലിബാന് വ്യക്തമാക്കി.
അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടു എന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ഇദ്ദേഹവുമായി താലിബാന് നേതാക്കള്‍ ചര്‍ച്ച നടത്തി. അഫ്ഗാന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ സിന്‍ജിയാങില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഉയ്ഗൂര്‍ സംഘങ്ങളെ അടിച്ചമര്‍ത്തണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനയിലെ ഉയ്ഗൂര്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള പ്രവിശ്യയാണ് സിന്‍ജിയാങ്.
താലിബാന് കൂടുതല്‍ രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഖത്തറില്‍ ഔദ്യോഗിക ഓഫീസുള്ള താലിബാന് നേരത്തെ റഷ്യയുമായും ഇപ്പോള്‍ ചൈനയുമായും ചര്‍ച്ച നടത്തിയിരിക്കുകയാണ്. ഇതോടെ കൂടുതല്‍ രാജ്യങ്ങള്‍ താലിബാനെ അംഗീകരിച്ചേക്കും. ഇത് വളരെ ആശങ്കയോടെയാണ് ഇന്ത്യയും അമേരിക്കയും അഫ്ഗാന് ഭരണകൂടവും നോക്കികാണുന്നത്.