- ഡോ. ആനി തോമസ്
ഇടക്കിടെ കലശമായി വരുന്ന വയറുവേദന എന്നെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. എന്തായാലും ഒരു ഡോക്ടറെ കാണാമെന്നു വിചാരിച്ച് നഗരത്തിലെ മുന്തിയ ആശുപത്രിയില്‍ തന്നെ പോയി. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എന്‍ഡോസ്‌കോപി ചെയ്യാം എന്നതായിരുന്നു വീട്ടുകാരുടെയും തീരുമാനം. എന്‍ഡോസ്‌കോപി എന്നു കേട്ടപ്പോള്‍ മുതല്‍ തന്നെ എനിക്കു ടെന്‍ഷന്‍ ആയി. എന്തൊക്കെയോ കുഴലുകള്‍ അവിടെയും ഇവിടെയും കുത്തി കയറ്റി ഉള്ള പരിശോധന ആണ് എന്ന് കേട്ടിട്ടുണ്ട്. വേറെ നിവര്‍ത്തി ഇല്ലലോ എന്നു വിചാരിച്ച് ഡേറ്റ് ഫിക്‌സ് ചെയ്തു.
പരിശോധന മുറിയില്‍ ചെന്നു സിസ്റ്റ്‌ററിനെ കണ്ടൂ. പശുവിന് കാടി കൊടുക്കുന്ന പോലെ വലിയ പാത്രത്തില്‍ നിറയെ വെള്ളം ഇരിക്കുന്നു. അതില്‍ നിന്ന് രണ്ടു പാത്രംഞാന്‍ അകത്താക്കി. വയറു നിറഞ്ഞു പൊട്ടാറായിരിക്കുന്ന എന്നോട് പറഞ്ഞു, ഇതു പോരാ ഒരു മൂന്നു പാത്രം വെള്ളം കുടി അകത്താക്കാന്‍. ഒരു നിവൃത്തിയും ഇല്ലാതെഞാന്‍അതു കൂടി അകത്ത് ആക്കി. ഛര്‍ദ്ദിക്കാന്‍ വന്നിട്ട് വയ്യ. ഗര്‍ഭിണി ആയതു പോലെയാണ് വയറിരിക്കുന്നത്.
വയറിനകത്ത് അനക്കം വെച്ചു തുടങ്ങി. മലവെള്ളപ്പാച്ചില്‍ തുടങ്ങി കഴിഞ്ഞു എന്നു മനസ്സിലായി. പെട്ടന്ന് തന്നെ വലിയ ബഹളവും മറ്റും കേള്‍ക്കാം. ആരോ വിളിച്ചു പറയുന്നത് കേട്ടു എല്ലാവരും ഓടിക്കോ എന്ന്. തീ പിടിച്ചു, പുക വരുന്നു.. എന്നും മറ്റും. നിമിഷ നേരം കൊണ്ട് എന്റെ ചുറ്റും ഉണ്ടായിരുന്നവര്‍ എല്ലാം തന്നെ അപ്രത്യക്ഷമായി.
ഞാന്‍ ആണെങ്കില്‍ ത്രിശങ്കു സ്വര്‍ഗത്തില്‍ എന്ന നിലയില്‍. എന്റെ പരിഭ്രമം കണ്ട് അവിടെ ഉണ്ടായിരുന്ന നഴ്‌സ് സിസ്റ്റര്‍ പറഞ്ഞുമാഡീ എന്താ ഓടത്തത്ത്, ഞാന്‍ പുറത്തേക്ക് ഓടുകയാണ് എന്ന്. പുറത്തേക്ക് ഇറങ്ങിയാല്‍ സ്ഥിതി എന്താകും എന്നോര്‍ത്ത് എനിക്ക് കരച്ചില്‍ വന്നു.
ആകെ നാണക്കേട്ആകുമല്ലോ. എന്തും വരട്ടെ, അഭിമാനം ആണല്ലോ വലുത്. ഓടി ചെന്നു ടോയ്‌ലറ്റില്‍ കയറി. ഞാന്‍ അവിടെ തന്നെ ഇരുന്നു. പുറത്ത് അനക്കം ഒന്നും കേള്‍ക്കുന്നില്ല. ഏകദേശം അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ തട്ടും മുട്ടും കേട്ടു. ഞാന്‍ പതുക്കെ വാതില്‍ തുറന്ന് നോക്കി. സിസ്റ്റ്‌റര്‍മാര്‍ പലരും എന്നെ ദയനീയമായി നോക്കുന്നു. ടെക്‌നീഷ്യന്‍മാര്‍ പറയുന്നതു കേട്ടു ഷോര്‍ട്ട് സര്‍ക്യൂട്ടാണ്, കുഴപ്പമില്ല എന്ന്. കുടത്തില്‍ പെട്ടു പോയ ഭൂതത്തിന്റെ അവസ്ഥ ആയിരുന്നു എന്റേത്. ഇന്നെനിക്ക് അത് ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരും.