ഇന്ത്യയുടെ സമ്പന്നമായ ക്രിക്കറ്റ് ചരിത്രത്തിലെ 11ആമത്തെ ലെഫ്റ്റ് ആം പേസർ. ഇന്ത്യയിൽ റെയർ ബ്രീഡായ ആ വിഭാഗത്തിലാണ് തങ്കരസു നടരാജൻ എന്ന തമിഴ്നാട് പേസർ ഉൾപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ ചിന്നപാംപട്ടി എന്ന ഗ്രാമത്തിൽ നിന്ന് ഓസ്ട്രേലിയയിലെ കാൻബറ വരെയുള്ള നടരാജൻ്റെ യാത്ര സമാനതകളില്ലാത്തതാണ്. ഏറെ ദൂരമാണ് തൻ്റെ 29 വയസ്സിനിടെ നടരാജൻ നടന്നുതീർത്തത്.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ഒരു ടീമിലും നടരാജൻ ഉണ്ടായിരുന്നില്ല. ടി-20 ടീമിൽ ഇടം നേടിയ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തി പരുക്ക് മൂലം പുറത്തായതിനു പിന്നാലെ ടി-20 ടീമിലേക്ക് വിളിയെത്തുന്നു. ഏകദിന ടീമിൽ നെറ്റ് ബൗളറായിരുന്ന നടരാജനെ ഏറെ വൈകാതെ സ്ക്വാഡിലും ഉൾപ്പെടുത്തുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഫൈനൽ ഇലവനിലും നടരാജന് ഇടം ലഭിക്കുന്നത്. ബുംറയ്ക്കൊപ്പം ഇന്ത്യക്കായി ബൗളിംഗ് ഓപ്പൺ ചെയ്ത നടരാജൻ ഫോമിലുള്ള മാർനസ് ലെബുഷെയ്നെ പുറത്താക്കി ആ വിളിക്ക് മറുപടി നൽകി. കഴിഞ്ഞ 6 മത്സരങ്ങളായി ഇന്ത്യക്ക് കഴിയാതിരുന്ന കാര്യമാണിത്.

ടെന്നിസ് ബോൾ ക്രിക്കറ്റിൽ നിന്നാണ് നടരാജൻ്റെ തുടക്കം. റോ പേസും ആക്യുറേറ്റ് യോർക്കറുകളും കൊണ്ട് ടെന്നിസ് ബോൾ ക്രിക്കറ്റിൽ ചലനങ്ങളുണ്ടാക്കിയ താരം തമിഴ്നാട് പ്രീമിയർ ലീഗിൻ്റെ റഡാറിലെത്തുകയും അവിടെ തൻ്റെ കളി അടുത്ത ഡയമൻഷനിൽ എത്തിക്കുകയും ചെയ്യുന്നു. ടെന്നിസ് ബോളിൽ നിന്ന് ഹാർഡ് ബോളിലെത്തി എന്നതല്ലാതെ നടരാജൻ്റെ ഗെയിമിനു മാറ്റമുണ്ടായില്ല. തമിഴ്നാട് പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങൾ നടരാജനെ ഐപിഎലിൽ എത്തിച്ചു. ബാക്കി ചരിത്രമാണ്. ദിവസവേതനത്തിനു പണിയെടുക്കുന്ന നടരാജനിൽ നിന്ന് ഐപിഎൽ ഡെത്ത് ഓവറിൽ പന്തെറിയുന്ന, കോടിപതിയായ നടരാജനിലേക്ക്. ഒടുവിൽ, 29ആം വയസ്സിൽ ഇന്ത്യൻ കുപ്പായവും ആദ്യ വിക്കറ്റും.

പിതാവ് ഒരു സാരി നിർമ്മാണ യൂണിറ്റിലെ ദിവസവേതനക്കാരനായിരുന്നു. വഴിയരികിൽ ചെറുകടികൾ വിൽക്കുന്ന ജോലിയായിരുന്നു അമ്മയ്ക്ക്. അഞ്ച് മക്കളിൽ മുതിർന്നയാളായ നടരാജന് കുടുംബത്തെയും നോക്കേണ്ടിയിരുന്നു. പട്ടിണി കൊണ്ട് വലഞ്ഞ കുട്ടിക്കാലം. 20 വയസ്സു വരെ ടെന്നിസ് ബോൾ ക്രിക്കറ്റ് മാത്രം കളിച്ചിരുന്ന നടരാജൻ 2011ൽ 4ആം ഡിവിഷനിൽ ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചു. അതിനു വഴിയൊരുക്കിയ ആളെ നടരാജൻ ഇനിയും മറന്നിട്ടില്ല. തൻ്റെ ജഴ്സിക്ക് പിന്നിൽ എഴുതിയിരിക്കുന്ന ജെപി നട്ടു എന്ന പേര് ജയപ്രകാശ് എന്ന ആ മനുഷ്യനുള്ള നടരാജൻ്റെ ആദരവാണ്.

2015ൽ, 24ആം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ നടരാജൻ നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷൻ്റെ പേരിൽ വിലക്ക് നേരിട്ടു. 2016 തമിഴ്നാട് പ്രീമിയർ ലീഗിൽ നടരാജൻ തിരികെ വന്നു. അവിടെ നിന്നാണ് ഐപിഎലിൻ്റെ പണമൊഴുകുന്ന ക്രിക്കറ്റ് സ്റ്റേജിലെത്തുന്നത്.