ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ഉത്തരവ് പ്രകാരം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന സംഘടനകളോ, സ്ഥാപനങ്ങളോ അനുമതിക്കായി ആദ്യം സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണം. ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരിഗണിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കുശേഷമാണ് വിദേശകാര്യമന്ത്രാലയത്തെ സമീപിക്കേണ്ടത്.

ഗള്‍​ഫ്​ മേ​ഖ​ല, സൗ​ത്ത്​ ഈസ്റ്റ് ഏ​ഷ്യ, ആ​സ്​​ട്രേ​ലി​യ, വെ​സ്​​റ്റ്​ യൂ​റോ​പ്പ്, നോ​ര്‍​ത്ത്​ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചാര്‍ട്ടേഡ് വി​മാ​ന​ങ്ങ​ള്‍​ക്കാ​ണ്​ നി​ബ​ന്ധ​ന. വിദേശത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്താന്‍ കൊവിഡ് സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്ബോഴാണ് പുതിയ നിബന്ധനകളും വരുന്നത്.

സംസ്ഥാന അനുമതി ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറന്‍സ് കിട്ടാന്‍ എംബസികളെയും കോണ്‍സുലേറ്റുകളെയും സമീപിക്കാം. യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്‍കൂട്ടി കൈമാറണം. യാത്രക്കാരുടെ പേരുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല. വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയില്‍ പരാജയപ്പെടുന്നവര്‍ക്ക് പകരം യാത്രക്കാരെ അനുവദിക്കില്ലെന്നും പുതിയ നിബന്ധനകളിലുണ്ട്.

ഇതുവരെ ചാര്‍ട്ടേര്‍ഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ നേരിട്ട് സമീപിച്ചാല്‍ മതിയായിരുന്നു. അതിനുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. പുതില്‍ നിബന്ധനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിവരങ്ങള്‍.